accident-student-death-korappuzha

കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു. ചേമഞ്ചേരി കാപ്പാട് റെയിഷാസിൽ ഫൈസൽ അഹമ്മദിന്റെ മകൻ ഫർസീൻ അഹമ്മദ് (18) ആണ് മരിച്ചത്. ഒന്നാം വർഷ സിഎ വിദ്യാർഥിയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചോരവാർന്നാണ് മരണം. തിരക്കേറിയ ദേശീയപാതയിലൂടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. 25 മിനിറ്റോളമാണ് ഫർസീൻ റോഡില്‍ കിടന്നത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അത്തോളിയിലെ സ്വകാര്യ ദന്താശുപത്രിയിൽ പോയി പല്ലിന്‍റെ ക്ലിപ്പ് ശരിയാക്കിയ ശേഷം കാപ്പാടുള്ള വല്യമ്മയെ കണ്ട് മടങ്ങുന്നതിനിടയിലാണ് ഫർസീൻ അഹമ്മദ് അപകടത്തിൽപെട്ടത്. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഫർസീന്‍റെ പിന്നിൽ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഫർസീൻ എതിർദിശയിൽ വന്ന മറ്റൊരു കാറിനടിയിലേക്കാണ് വീണത്. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും രക്തം വാർന്ന് റോ‍ഡില്‍ കിടക്കുകയായിരുന്നു.

ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്ക് ഒരു വരിയും കൊയിലാണ്ടി ഭാഗത്തേക്ക് രണ്ടു വരിയുമായി മൂന്ന് വരി ഗതാഗതമാണ് ഉള്ളത്. ഫർസീൻ വീണുകടന്നത് കോഴിക്കോട് ഭാഗത്തേക്കുള്ള വരിയിലായതിനാൽ ആ ഭാഗത്തേക്കുള്ള ഗതാഗതം ഏതാണ്ട് പൂർണ്ണമായി ബ്ലോക്കായിരുന്നു. എന്നാൽ കൊയിലാണ്ടി ഭാഗത്തേക്കുള്ള മറ്റ് രണ്ട് ലൈനിലൂടെയും വാഹനങ്ങൾ തടസ്സമില്ലാതെ സഞ്ചരിച്ചിരുന്നു. റോഡിലൂടെ കടന്നുപോയ ആരും പരിക്കേറ്റ കുട്ടിയെ സഹായിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല, പലരും ദൃശ്യങ്ങൾ പകർത്താൻ മാത്രമാണ് ശ്രമിച്ചത്. ഇടിച്ചിട്ട കാറിലുള്ളവരും തിരിഞ്ഞുനോക്കിയില്ല.

25 മിനിറ്റിന് ശേഷം തൊഴിലാളികളും ചില യാത്രക്കാരും അറിയിച്ചതിനെ തുടര്‍ന്ന് ആംബുലൻസെത്തിയാണ് ഫർസീനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ഉച്ചയോടെ മരിച്ചു. ഫർസീന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം, ഫർസീനെ ഇടിപ്പിച്ചു കടന്നുകളഞ്ഞ വാഹനം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. 

ENGLISH SUMMARY:

An 18-year-old CA student named Farzin Ahmed tragically lost his life after being struck by a car near the Korappuzha bridge on the Kozhikode national highway bypass. Despite lying injured on the busy roadway for twenty-five minutes while heavy traffic passed, nobody stepped forward to take him to a hospital. Surveillance footage revealed that numerous motorists and onlookers ignored his plight, while the vehicle responsible fled the scene. Authorities are currently reviewing the incident and searching for the unidentified car involved in the hit-and-run.