shafi

ഇലന്തൂര്‍ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഹെറോയിനുമായി കൊച്ചിയില്‍ പിടിയിലായി. കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞിറങ്ങുന്ന സമയത്താണ് പ്രതിയിൽ നിന്ന് ലഹരി പിടികൂടിയത്. പ്രതിയുടെ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍. സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. 

പനമ്പിള്ളി നഗറിലെ  ഹൗസിങ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് നരബലി കേസിന്‍റെ വിചാരണ നടക്കുന്നത്. ഇന്നലെ വിചാരണയ്ക്കു ശേഷം ജയിലിലേക്ക് കൊണ്ടുപോകാൻ താഴേക്ക് ഇറങ്ങുമ്പോൾ ഷാഫി മുണ്ട് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ട് ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളിലായി 6 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.

സംഭവം ഉടനടി വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ജഡ്ജിയുടെ നിർദേശപ്രകാരം എറണാകുളം ടൗൺ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ സൗത്ത് പൊലീസ് രാത്രി 7.35ഓടെ ദേഹപരിശോധന പൂർത്തിയാക്കി രാത്രി 10 മണിയോടെ ഷാഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാഫിയെ പിന്നീട് ജയിലിലേക്ക് മാറ്റി. ശുചിമുറിയിൽ പോയ സമയത്ത് രണ്ടു പേർ ഷാഫിക്ക് ഹെറോയിൻ കൈമാറി എന്നാണ് പൊലീസ് കരുതുന്നത്. പ്രതിക്ക് കോടതി വളപ്പില്‍ ഹെറോയിന്‍ എത്തിച്ചു നല്‍കിയതാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. 

ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതിയാണ് പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ ഷാഫി. കേസിലെ കൂട്ടുപ്രതികളായ ലൈലയേയും ഭർത്താവ് ഭഗവൽ സിങ്ങിനേയും ഇന്നലെ വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചിരുന്നു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി റോസ്‌ലിയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. 

ENGLISH SUMMARY:

Mohammed Shafi, the prime accused in the Elanthoor human sacrifice case, has been apprehended in Kochi with heroin. This incident occurred as he was leaving court after a hearing, highlighting ongoing legal proceedings and criminal activities.