കോതമംഗലം എം എ കോളേജിലെ വിദ്യാർത്ഥി മിച്ചി മാർപ്പുവിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ക്രെഡിറ്റിലടക്കം സർവകലാശാലയുടെ മാനദണ്ഡവുമായി മുന്നോട്ടുപോകാമെന്ന് കോളേജ് മാനേജ്മെന്‍റ് അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. മിച്ചിയുടെ ആത്മഹത്യയുടെ കാരണം പൊലീസ് അന്വേഷിച്ച് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
കോതമംഗലം എം എ കോളജിലെ രണ്ടാം വർഷ എഞ്ചിനീയറിങ്ങ് വിദ്യാർഥി മിച്ചി മാർപ്പു താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തതിൽ വിദ്യാർഥി പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് കോളജ് മാനേജ്മെന്‍റ് സർക്കാരിന് ഉറപ്പ് നൽകിയത്. സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ ക്രെഡിറ്റ് സ്കോർ 18 ഉള്ളപ്പോൾ എം എ കോളേജിൽ സ്കോർ 22 ആണ്. ഇതടക്കം സർവകലാശാല മാനദണ്ഡത്തിന് അനുസൃതമാക്കാമെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരിക്കുന്നത്. മിച്ചിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കളമശേരി മെഡിക്കൽ കോളജിൽ വച്ച് തന്നെ അധ്യാപകർക്കും സഹപാഠികൾക്കും വേണ്ടി പൊതു ദർശനത്തിന് വച്ചു. വൈകിട്ട് വിമാന മാർഗം ഡൽഹി വഴി ഇറ്റാനഗറിലേക്ക് കൊണ്ടുപോകും.