Untitled design - 1

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ ദേശീയഗാനവും വന്ദേമാതരവും ആലപിക്കാത്തതിൽ ബിജെപി പ്രതിഷേധം. 16 കോച്ചുകളായി ഉയർത്തിയ ട്രെയിനിന്റെ സർവീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തതിനു പിന്നാലെയാണ് പ്രതിഷേധം. എറണാകുളം സൗത്ത് സ്റ്റേഷനിലെ വേദിയിൽ  ബി.ജെ.പി നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു ആവശ്യം.  ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ജനങ്ങളോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. കേന്ദ്രമന്ത്രി വിഷയത്തിൽ ഇടപെട്ടെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് അറിയിച്ച് ബിജെപി നേതൃത്വം തന്നെ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു.

 

16 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം– ബെംഗളുരു റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതോടെ യാത്രക്കാരുടെ എണ്ണം 530 ൽ നിന്ന് 1128 ആവും. 598 സീറ്റുകൾ അധികം ലഭിക്കും.  ഓണക്കാലത്ത് സര്‍വീസ് തുടങ്ങുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. നേരത്തെ എട്ട് കോച്ചുകളുമായിട്ടാണ് വന്ദേഭാരത് സർവീസ് നടത്തിയിരുന്നത്. ബെംഗളൂരു–എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരുവിലും. ബുധനാഴ്ച സർവീസില്ല.

 

ബെംഗളൂരു–എറണാകുളം വന്ദേഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അനുവദിച്ച് ജൂലൈ മാസത്തിലാണ് റെയിൽവേ ബോർഡിന്റെ ഉത്തരവ് വന്നത്. അതേസമയം,പുതിയ എറണാകുളം–തിരുവനന്തപുരം വന്ദേഭാരതിന് ബിജെപി സംസ്ഥാന നേതൃത്വം കത്ത് നൽകിയെങ്കിലും ചെറിയ ദൂരമായതിനാൽ ഓടിക്കാൻ കഴിയില്ലെന്ന നിലപാടിലാണു റെയിൽവേ. എറണാകുളം–തിരുവനന്തപുരം സർവീസ് നടത്തിയാൽ ട്രെയിൻ മണിക്കൂറുകളോളം തിരുവനന്തപുരത്തു വെറുതേ നിർത്തിയിടണമെന്ന കാരണത്താലാണ് റെയിൽവേ  എതിർക്കുന്നത്

ENGLISH SUMMARY:

The Vande Bharat Express inauguration saw a BJP protest in Kerala over the omission of the National Anthem and Vande Mataram. Union Minister Suresh Gopi flagged off the extended 16-coach train service between Ernakulam and Bengaluru, leading to the demonstration by BJP leaders at Ernakulam South Station.