ഓണക്കാലത്ത് പായസത്തിന്‍റെ മധുരം കുറയും. ശർക്കരയുടെയും പഞ്ചസാരയുടെയും വില കുത്തനെ കൂടി. ഒരു മാസത്തിനിടെ വില കൂടിയത് മൂന്ന് തവണ.
സംസ്ഥാനത്തെ പൊതുവിപണിയിൽ ഞെട്ടിക്കുന്ന രീതിയിലാണ് പഞ്ചസാര വില കുത്തനെ ഉയർന്നത്. മൊത്തവ്യാപാര വില കിലോയ്ക്ക് 53 രൂപയ്ക്ക് മുകളിലെത്തി. ഇതോടെ ചില്ലറ വിപണിയിൽ പല സ്ഥലങ്ങളിലും വില 57 മുതൽ 60 രൂപ വരെയായി. ശർക്കരയ്ക്കും വില കൂടി. മൊത്തവ്യാപാര വില കിലോ 60 രൂപയായി. കരിമ്പിന്‍റെ ലഭ്യത കുറവാണ് വിലവർധനയ്ക്ക് കാരണം.
ജൂലൈയിൽ 45 രൂപയായിരുന്ന പഞ്ചസാരയുടെ വിലയിൽ 10 രൂപയോളമാണ് ഈ ഒരു മാസത്തിനിടെ കൂടിയത്. പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളായ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും മഴ ലഭ്യതയിലെ വ്യത്യാസവുമാണ് കരിമ്പ് വിളവെടുപ്പിനെ ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഓണവിപണി സജീവമാകുമ്പോൾ വില എവിടെയെത്തുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.