കലൂർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് മാറ്റിസ്ഥാപിച്ച കമ്പനിക്ക് പണം നൽകാതിരിക്കാൻ സ്പോൺസർ നടത്തിയ കളികൾ പുറത്ത്. ലെറ്റിന് സാങ്കേതിക തകരാറുണ്ട് എന്ന് പറഞ്ഞ് പണം നൽകാതിരുന്ന സ്പോൺസർ 3 ദിവസം കഴിഞ്ഞപ്പോൾ നിലപാട് മാറ്റി. ഏപ്രിലിൽ പണം നൽകാമെന്ന് പറഞ്ഞെങ്കിലും ഇത് വരെ ലഭിച്ചില്ലെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് ലൈറ്റിങ് ടെക്നോളജീസ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
2025 ഒക്ടോബറിലെ വർക്ക് ഓർഡർ പ്രകാരം രണ്ടു കോടി രൂപ അഡ്വാൻസ് വാങ്ങിയാണ് കലൂർ സ്റ്റേഡിയത്തിലേക്ക് ലൈറ്റിങ് ടെക്നോളജീസ് ആവശ്യാനുസരണം ലൈറ്റുകൾ നിർമ്മിച്ച് നൽകിയത്. ഇൻസ്റ്റലേഷൻ തീരുന്ന മുറയ്ക്ക് ബില്ലുകളും കമ്പനി നൽകി. എന്നാൽ ബാക്കി പണം ലഭിച്ചില്ല. ഇതോടെ പണം ആവശ്യപ്പെട്ട് ലൈറ്റിങ് ടെക്നോളജീസ് ആദ്യ നോട്ടീസ് അയച്ചു. മൂന്ന് കോടി എൺപത് ലക്ഷത്തി നാൽപ്പതിനാലായിരത്തി നൂറ്റി ഇരുപത്തിനാല് രൂപയാണ് ഈ വർഷം ജനുവരി 28 ന് അയച്ച നോട്ടീസ് പ്രകാരം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകാനുണ്ടായിരുന്നത്. പക്ഷെ, സ്ഥാപിച്ച ലൈറ്റുകളുടെ ഗുണനിലവാരം, സാങ്കേതിക പ്രശ്നങ്ങൾ, മോഡൽ എന്നിവയിൽ തർക്കമുന്നയിച്ച് പണം നൽകാതിരിക്കാനാണ് സ്പോൺസർ ശ്രമിച്ചത്. എന്നാൽ ഫെബ്രുവരി 13-ന് നടന്ന ചർച്ചയിൽ പണം ഏപ്രിൽ മാസത്തിൽ നൽകാം എന്ന് റിപ്പോർട്ടർ അധികൃതർ ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ ലൈറ്റിങ് ടെക്നോളജീസ് ഇൻസ്റ്റലേഷൻ പൂർത്തിയാക്കുകയും മാർച്ച് 27-ന് അന്തിമ ഇൻവോയ്‌സ് സമർപ്പിക്കുകയും ചെയ്തു.
എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും തുക അടയ്ക്കാൻ സ്പോൺസർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഏപ്രിൽ 17 ന് ലൈറ്റിങ് ടെക്നോളജീസ് വക്കീൽ നോട്ടീസയയ്ക്കുന്നത്. മൂന്ന് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി പത്ത് രൂപ പത്ത് ദിവസത്തിനകം നൽകണം എന്നായിരുന്നു ആവശ്യം. അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ ഉണ്ടായിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും പത്ത് പൈസ പോലും കിട്ടിയില്ല എന്നാണ് ലൈറ്റിങ് ടെക്നോളജിസ് വ്യക്തമാക്കുന്നത്.