കൊല്ലം കടയ്ക്കലിൽ സംസ്ഥാനപാതയോരത്ത് മുറിച്ചിട്ടിരിക്കുന്ന കൂറ്റൻ മരക്കഷണങ്ങൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. റോഡരികിലെ അപകടാവസ്ഥ ഒഴിവാക്കാനായി മരങ്ങൾ മുറിച്ചു മാറ്റി ആഴ്ചകൾ പിന്നിട്ടിട്ടും, അവ ഇതുവരെ പാതയോരത്തുനിന്ന് നീക്കം ചെയ്യാൻ അധികൃതർ തയാറായിട്ടില്ല.
കടക്കൽ ജംഗ്ഷനിൽ അപകടാവസ്ഥയിലുണ്ടായിരുന്ന കൂറ്റൻ ആൽമരവും ഈട്ടി മരവുമാണ് മുൻപ് മുറിച്ചു മാറ്റിയത്. എന്നാൽ, മരം മുറിച്ചതല്ലാതെ റോഡരികിൽ കിടക്കുന്ന അവശിഷ്ടങ്ങൾ മാറ്റാൻ വനംവകുപ്പും ബന്ധപ്പെട്ട അധികാരികളും യാതൊരുവിധ താത്പര്യവും കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രധാന പരാതി. സംസ്ഥാനപാതയോരത്ത് മരങ്ങൾ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത് മൂലം ഈ ഭാഗത്ത് സ്ഥിരമായി വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പ്രദേശത്ത് യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിക്കാത്തത് രാത്രികാലങ്ങളിൽ വാഹനയാത്രക്കാർക്ക് വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്. വെളിച്ചക്കുറവുള്ള സമയങ്ങളിൽ ഇതുവഴി എത്തുന്ന ഇരുചക്ര വാഹനയാത്രക്കാരും മറ്റും അപകടത്തിൽപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് അത്യാഹിത വിഭാഗം രോഗികളുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് പായുന്ന ആംബുലൻസുകൾ അടക്കമുള്ള വാഹനങ്ങൾ ഈ ഗതാഗതക്കുരുക്കിൽ പെടുന്നത് രോഗികളുടെ ജീവന് തന്നെ വലിയ ഭീഷണിയാകുന്നുണ്ട്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സം പൂർണ്ണമായി ഒഴിവാക്കാനും റോഡരികിൽ കിടക്കുന്ന മരക്കഷണങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ബന്ധപ്പെട്ട വകുപ്പുകൾ ഉണർന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാടൊകെ.