Untitled design - 1

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണല്‍  സ്റ്റാഫിന്റെയും, എംഎൽഎയുടെയും കാർ യാത്ര. കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസും, കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷുമാണ് നിയമം ലംഘിച്ച് കാർ യാത്ര നടത്തിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ക്ഷമ പറഞ്ഞ് സി ആർ മഹേഷ്‌ എംഎൽഎ രംഗത്തെത്തി. നിയമലംഘനം ആര് നടത്തിയാലും നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഒ.ജെ ജനീഷും വ്യക്തമാക്കി.

 

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട്മുൻപ് സി ആർ മഹേഷും സംഘവും പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാനായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനം ഓടിച്ചു കൊണ്ട് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയാണ് കാർ യാത്ര. യാത്രയുടെ ദൃശ്യങ്ങൾ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വിവാദമായി. സീറ്റ് ബെൽറ്റ്‌ ധരിക്കാതെയുള്ള എംഎൽഎയുടെയും ഡ്രൈവറുടെയും യാത്ര ചോദ്യംചെയ്ത് നിരവധിപേർ രംഗത്തെത്തി. ഒപ്പം മോട്ടോർ വാഹന വകുപ്പിനെതിരെയും വിമർശനമുയർന്നു. നിയമലംഘനം ആരു നടത്തിയാലും നടപടി വേണമെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്.

 

വിവാദമായതിന് പിന്നാലെ തെറ്റ് ഏറ്റു പറഞ്ഞ് കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് രംഗത്തെത്തി. പിഴവ് സംഭവിച്ചെന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും സി ആർ മഹേഷ് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്നും പിഴ അടച്ചില്ലെങ്കിൽ അടക്കുമെന്നും എം എൽ എ വിശദീകരിച്ചു.

ENGLISH SUMMARY:

Malayala Manorama Online News reports on a car journey by a minister's personal staff and an MLA that violated motor vehicle rules. The incident, which involved not wearing seatbelts and using a mobile phone while driving, has sparked controversy and calls for strict action.