onam

TOPICS COVERED

ഓണാഘോഷങ്ങൾക്ക് കൂടുതൽ തിളക്കം പകരാൻ വ്യത്യസ്തമായൊരു കരുതലുമായി ഒറ്റപ്പാലം അമ്പലപ്പാറയിലെ വിദ്യാർഥികൾ. പാലക്കാട് അമ്പലപ്പാറ പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികളും സാമൂഹിക ആരോഗ്യ കേന്ദ്രവും ചേർന്ന്, കിടപ്പുരോഗികളായ പാലിയേറ്റിവ് രോഗികൾക്കാണ് ഈ ഓണക്കാലത്ത് സ്നേഹത്തിന്റെ കൈത്താങ്ങാവുന്നത്. 

കിടപ്പിലായ പാലിയേറ്റിവ് രോഗികളുടെ ഇത്തവണത്തെ ഓണം കളറാക്കാനാണ് വിദ്യാർഥികളുടെ ഈ കൂട്ടായ്മ. ഓണസദ്യയ്ക്ക് ആവശ്യമായ വിവിധ വിഭവങ്ങളെല്ലാം ഇത്തവണ വിദ്യാർഥികളുടെ കൈകൾ വഴി 'സ്നേഹ ബക്കറ്റിലേക്ക്' ഒഴുകിയെത്തുകയാണ്. അമ്പലപ്പാറ പഞ്ചായത്ത് പരിധിയിൽ വരുന്ന 120-ലേറെ കിടപ്പുരോഗികൾക്കാണ് ഓണപ്പുടവ ഉൾപ്പെടെ 16 പ്രധാന സാധനങ്ങൾ അടങ്ങിയ സ്നേഹക്കിറ്റ് ഈ പദ്ധതിയിലൂടെ നൽകുന്നത്. പഞ്ചായത്തിലെ 23 വിദ്യാലയങ്ങളിലെ കുട്ടികളിൽ നിന്നാണ് ഇതിനായുള്ള വിഭവങ്ങൾ സമാഹരിക്കുന്നത്.

അമ്പലപ്പാറ പഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് ഈ മാതൃകാപരമായ പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്കൂളിലും സജ്ജമാക്കുന്ന സ്നേഹ ബക്കറ്റിൽ വിദ്യാർഥികൾ കൊണ്ടുവരുന്ന സാധനങ്ങൾ നിക്ഷേപിക്കുകയും, പിന്നീട് അവ പഞ്ചായത്തിൽ എത്തിച്ച് കിറ്റുകളാക്കി രോഗികൾക്ക് നേരിട്ട് കൈമാറുകയും ചെയ്യും. ഇതിനുപുറമേ, ഈ സ്നേഹക്കിറ്റുകളിലേക്ക് ആവശ്യമായ ഓണപ്പുടവകൾ നൽകുന്നത് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളാണ്. നാടിന്റെ നന്മ നിറഞ്ഞ ഈ കൂട്ടായ്മയിലൂടെ നിരവധി രോഗികളുടെ മുഖത്ത് ഈ ഓണക്കാലത്ത് പുഞ്ചിരി വിരിയുകയാണ്.

ENGLISH SUMMARY:

Students in Ambalappara, Ottappalam, are bringing a unique touch to Onam celebrations by providing a 'love bucket' of essential items and Onappudava to over 120 palliative care patients. This heartwarming initiative, a collaboration between school students and the community health center, aims to brighten the Onam for those who are bedridden.