airindia-onam-sadhya-2
  • ഓഗസ്റ്റ് 15 മുതൽ 31 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നവർക്ക്, വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം

ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി ആകാശത്ത് വെച്ച് ഓണസദ്യ ഉണ്ണാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെയുള്ള തീയതികളിൽ യാത്ര ചെയ്യുന്നവർക്ക്, വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിച്ചു.എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിങ്, ഇ-കോമേഴ്സ്, ലോയൽറ്റി വിഭാഗം മേധാവി സുനിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു.

 

വിമാനത്തിനുള്ളിൽ ഓണസദ്യ ഒരുക്കുന്നത് കേരളത്തിന്റെ തനത് ആഘോഷത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വാഴയിലയിൽ മട്ട അരി, നെയ്, പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങി വിപുലമായ വിഭവങ്ങളോടെയാണ് സദ്യ നൽകുന്നത്.

 

കേരളത്തിന്റെ പരമ്പരാഗത കസവ് കരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിൽ ലഭ്യമാകുന്ന ഈ ഓണസദ്യയ്ക്ക് 500 രൂപ മാത്രമാണ് നിരക്ക്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി പ്രതിമാസം നടത്തുന്ന 2850-ഓളം സർവീസുകളിൽ 70 ശതമാനവും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കായതിനാൽ, വൻതോതിൽ പ്രവാസികൾക്ക് ഇത് പ്രയോജനപ്പെടും.

ENGLISH SUMMARY:

Air India Express is celebrating Onam by introducing a traditional Onam Sadya onboard flights operating to and from Kerala between August 15 and August 31. Passengers can pre-book the meal up to 18 hours before departure through the airline's website or mobile app. Priced at ₹500, the banana leaf meal features authentic Kerala delicacies, including Matta rice, avial, sambar, erissery, and palada pradhaman. The initiative aims to promote Kerala's cultural heritage globally while offering a festive experience to thousands of Gulf-bound passengers during the Onam season.