കർണാടകത്തിൽ മലയാളിയായ ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാസർകോട് പൂച്ചക്കാട് കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി. അനുശ്രീ മരിച്ചതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമൽ ആണ് മരിച്ചത്. ഈ വരുന്ന ഡിസംബർ 26ന് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. വിവാഹം നടക്കാനിരിക്കെയാണ് ഇരുവരുടേയും ദാരുണാന്ത്യം.
ആത്മഹത്യക്ക് മുൻപ് ഇരുവരും വീഡിയോ കാൾ ചെയ്തിരുന്നതായി വിവരം. എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു യുവാവ്. എറണാകുളത്തെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് അമലിനെ കണ്ടെത്തിയത്.
കർണാടകയിലെ എസ്‌ബിഐയുടെ ഇൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു അനുശ്രീ. വിവരമറിഞ്ഞ് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. യുവതിയും യുവാവും ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.