കാസർകോട്ടെ സ്കൂളുകളിൽ നടന്ന ക്വിസ് മത്സരത്തിൽ വി.ഡി സവർക്കറെ കുറിച്ചുള്ള ചോദ്യോത്തരം ഉൾപ്പെടുത്തിയതിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി. വിഷയം വിവാദമായതിന് പിന്നാലെയാണ് മന്ത്രിയുടെ നടപടി. വിദ്യാഭ്യാസ മേഖലയിൽ യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിന്‍റെ അവസാന ഉദാഹരണമാണ് ഇതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദത്തിന്‍റെ തുടക്കം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരാണെന്ന ചോദ്യത്തിന് വി.ഡി സവർക്കർ എന്നാണ് ഉത്തരം. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് നിർദേശം നൽകി. ഉപജില്ല തലത്തിൽ സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്‍റെ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. ചോദ്യം ഉൾപ്പെട്ടത് ഗൗരവത്തോടെ കാണണമെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീർ പറഞ്ഞു.
വിഷയത്തിൽ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കി. പിഎംശ്രീക്ക് പിന്നാലെ സർക്കാരിനെയും മുസ്ലീം ലീഗിനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വിവാദം.