arjun-ayemki

TOPICS COVERED

ഒരുകാലത്ത് സിപിഎമ്മിന് നിരന്തരം തലവേദന സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘാംഗമായിരുന്നു അര്‍ജുന്‍ ആയങ്കി. ഈ  പേര് പതിവായി കേള്‍ക്കാന്‍ തുടങ്ങിയത് രാമനാട്ടുകര സ്വര്‍ണം പൊട്ടിക്കല്‍ കേസിന് പിന്നാലെയായിരുന്നു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അര്‍ജുന്‍ ആയങ്കി, വെല്ലുവിളികളിലൂടെ സാമൂഹ്യമാധ്യമ ലോകത്തും വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

2021ല്‍ രാമനാട്ടുകരയില്‍ കോഴിക്കോട്–പാലക്കാട് ദേശീയപാതയിലുണ്ടായ ഒരു അപകടം നടന്നു. അഞ്ച് പേര്‍ മരിച്ച അപകടം സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം പൊട്ടിക്കല്‍ സംഘവും തമ്മിലുള്ള ചേസിങ്ങിനിടെയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടാനെത്തിയ സംഘത്തിലായിരുന്നു അര്‍ജുന്‍ ആയങ്കി. കണ്ണൂര്‍ പെരിങ്ങോത്തെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിവില്‍ കഴിയുമ്പോഴായിരുന്നു ആയങ്കിയെ ആ കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങി. ഈ കേസോടെ അര്‍ജുന്‍ ആയങ്കി കുപ്രസിദ്ധി നേടി. വിദേശത്തുനിന്നു കാരിയർമാരെ നിയോഗിച്ച് ഇന്ത്യയിലേക്കു സ്വർണം കടത്തല്‍, മറ്റു കള്ളക്കടത്തുകാരുടെ സ്വർണം മോഷ്ടിക്കല്‍, സ്വർണം നഷ്ടപ്പെട്ടവരുമായി വിലപേശല്‍ തുടങ്ങിയവയാണ് അർജുന്‍റെ സ്ഥിരം രീതികളെന്നായിരുന്നു കേസന്വേഷിച്ച കസ്റ്റംസിന്‍റെ കണ്ടെത്തല്‍. 2021ല്‍ പിടിയിലാകുംവരെ 6 കോടിയുടെ സ്വർണം തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍.  സ്വർണം തട്ടിയെടുക്കാൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കരിപ്പൂർ  കസ്റ്റംസിന്  അർജുൻ ആയങ്കി മൊഴി നൽകിയിരുന്നു.

സിപിഎം ബന്ധവും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായിരുന്നു അര്‍ജുന്‍ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ കാരണം. ഡിവൈഎഫ്ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്നു അര്‍ജുന്‍ ആയങ്കി. കണ്ണൂരിലെ ചാലാട് കേന്ദ്രീകരിച്ച് അക്രമങ്ങള്‍ നടത്തിയിരുന്നു. ലീഗ്, ബിജെപി പ്രവര്‍ത്തകരുമായുള്ള സിപിഎം അക്രമങ്ങളിലും പലപ്പോഴും ഉയര്‍ന്നുകേട്ടത് ആയങ്കിയുടെ പേരായിരുന്നു. പാര്‍ട്ടിയുടെ തണലുപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ആയങ്കിയെ വളര്‍ന്നുവന്ന പ്രസ്ഥാനം തന്നെ തള്ളിപ്പറഞ്ഞു. 

ഡിവൈഎഫ്ഐക്കും സിപിഎമ്മിനും ഒരു ബന്ധവുമില്ലെന്ന് നേതാക്കള്‍ നിലപാടെടുത്തതോടെ പാര്‍ട്ടിക്ക് പുറത്തായി. എങ്കിലും ആയങ്കി തന്‍റെ സിപിഎം സ്നേഹം മറച്ചുവെക്കാതെയാണ് മുന്നോട്ട് പോയത്. സൈബര്‍ സഖാവായി നവമാധ്യമങ്ങളിലൂടെ അര്‍ജുന്‍ സിപിഎമ്മുകാരനായി തുടര്‍ന്നു. ഇത് ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വലിയ തലവേദനായി മാറുകയും ചെയ്തു. പി. ജയരാജനെ ഉയർത്തിക്കാട്ടി ഉണ്ടാക്കിയ പിജെ ആർമിയെന്ന ഫെയ്സ്ബുക് കൂട്ടായ്മയിലും അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും അംഗമായിരുന്നു. പാർട്ടി ബന്ധത്തിന്‍റെ തണലിലും സമൂഹമാധ്യമങ്ങളിലെ സ്വാധീനത്തിലുമാണ് അർജുൻ ഓപ്പറേഷനുകൾ ആസൂത്രണം ചെയ്തിരുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘങ്ങള്‍.

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍, വധശ്രമം, മോഷണം, ഭീഷണി തുടങ്ങിയവയാണ് അര്‍ജുന്‍ ആയങ്കിക്കെതിരെയുള്ള കേസുകള്‍. 2023ല്‍ പാലക്കാട് മീനാക്ഷിപുരത്ത് നിന്ന് സ്വര്‍ണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവന്‍ കവര്‍ന്ന സംഭവത്തിന് പിന്നിലും ഇയാളായിരുന്നു. 2022 ല്‍ ആയങ്കിയെ കാപ്പ ചുമത്തി കണ്ണുരിന് പുറത്തേക്ക് നാടുകടത്തിയിരുന്നെങ്കിലും പിന്നീട് കാപ്പ റദ്ദാക്കപ്പെട്ടു. ഭീഷണികളാണ് ആയങ്കിയുടെ സ്ഥിരം ശീലം. സാമൂഹ്യമാധ്യമ പ്രൊഫൈലിലൂടെ ഭീഷണികള്‍ പതിവായിരുന്നു.

ENGLISH SUMMARY:

Arjun Ayanki, a prominent figure in quotation gangs and a former DYFI leader, has been a recurring headache for the CPM. His notoriety grew significantly following the Kottayam gold smuggling case, where he was implicated in a conspiracy involving foreign carriers and gold theft.