Image Credit: facebook/akashthillenkeri/arjun
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന അർജുൻ ആയങ്കിക്ക് സമൂഹമാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ച് ആകാശ് തില്ലങ്കരി. അര്‍ജുന്‍ പൊലീസിനെ പരസ്യമായി വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്തതിനോട് തനിക്ക് യോജിപ്പില്ലെന്നും കള്ളക്കേസില്‍ കുടുക്കിയ വികാരത്തള്ളിച്ചയിലാകാം അങ്ങനെ പ്രതികരിച്ചതെന്നും ആകാശ് പറയുന്നു. അര്‍ജുന്‍റെ എടുത്തുചാട്ടത്തെ വിമര്‍ശിക്കുമ്പോള്‍ പൊലീസിന്‍റെ കള്ളക്കേസിനെ നിസാരമാക്കാനില്ലെന്നും അര്‍ജുനും കൂട്ടുകാര്‍ക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നതെന്നും ആകാശ് കുറിച്ചു.
തെറ്റു ചെയ്തുവെന്നതിന്‍റെ പേരില്‍ പൗരനെ വെടിവച്ച് കൊല്ലാന്‍ ഉത്തരവിടാന്‍ ഇത് ബിഹാറോ യുപിയോ അല്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കുറിപ്പില്‍ പറയുന്നു. തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ലെന്നും ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീർപ്പില്ലെന്നും വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകള്‍ തികയാതെ വരുമെന്നും കുറിപ്പിലുണ്ട്.
'ആദ്യമേ വ്യക്തമാക്കട്ടെ—ആർജ്ജുൻ ആയങ്കി പോലീസിനെ പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട്...ഒരു കള്ളക്കേസിൽ കുടുക്കിയപ്പോൾ ഉണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചത്... ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ പ്രകടിപ്പിക്കേണ്ടത് നിയമപരമായും രാഷ്ട്രീയമായുമാണ്.. അല്ലാതെ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ല എന്നൊക്കെ പറയാൻ എളുപ്പമാണ്..അവന്റെ ആ എടുത്തുചാട്ടത്തെ വിമർശ്ശിക്കുമ്പോൾ അതിന് കാരണമായ പോലീസിന്റെ കള്ളക്കേസിനെ ഞാൻ നിസ്സാരവൽക്കരിക്കുന്നില്ല...അതിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് അന്നും ഇന്നും എന്നും നിലകൊള്ളുന്നത്..
പക്ഷേ...ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരിൽ ഒരു പൗരനെ "വെടിവെച്ചുകൊല്ലാൻ" ഉത്തരവിടാൻ ഇത് സംഘപരിവാർ ബുൾഡോസർ ഭരണമുള്ള UPയോ ബീഹാറോ അല്ല...ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോൺഗ്രസ്സ് കേരളത്തിൽ സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ ശ്രമിക്കുകയാണോ? ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം, ഒരു പൗരന്റെ ജീവനെടുക്കാൻ ആഹ്വാനം ചെയ്ത് തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്...ഭരണകൂട ഭീകരതയ്ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കാൻ ഉദ്ദേശിച്ചിട്ടില്ല...നിയമപരമായ തെറ്റുകൾക്ക് നിയമപരമായ ശിക്ഷ നൽകട്ടെ...
അല്ലാതെ, ഭരണകൂടത്തിന്റെ തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ, ആ ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ ചെറുത്തുതോൽപ്പിക്കാൻ ഞങ്ങളും മുന്നിൽ തന്നെയുണ്ടാകും.. ഇവിടെ ജനാധിപത്യമാണ്, രാജവാഴ്ചയല്ല..തെറ്റിന് ശിക്ഷ കൊടുക്കേണ്ടത് കോടതിയാണ്, തോക്കല്ല..! ജനാധിപത്യത്തിലെ മനുഷ്യാവകാശങ്ങളെ കാറ്റിൽപ്പറത്തുന്ന ഭരണകൂട ഭീകരതയോട് ഒത്തുതീർപ്പില്ല.. നിയമം ഏവർക്കും സമമാണ്..അതിൽ തെറ്റ് തിരുത്തലും ഉണ്ടാകണം, നീതിയും നടപ്പിലാകണം..വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും മിസ്റ്റർ മിനിസ്റ്റർ'.
അതേസമയം, ഒളിവിൽ തുടരുന്ന അർജുൻ ആയങ്കിക്കായി പൊലീസ് അന്വേഷണം തുടരുന്നു. തൃശൂരിലെത്തിയെന്ന് സ്ഥിരീകരിച്ചതോടെ ഇന്നലെ നഗരത്തിലും പരിസരപ്രദേശത്തും പൊലീസ് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെ രാത്രി വീണ്ടും പൊലീസിനും സര്‍ക്കാരിനുമെതിരെ വെല്ലുവിളിയുമായി അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളില്‍ വീണ്ടും കുറിപ്പിട്ടു.