പമ്പയില്‍ വെള്ളം ഉയര്‍ന്നാല്‍ ആദ്യം ദുരിതത്തിലാകുന്നത് ആറന്‍മുള എഴിക്കാട് ഉന്നതിയിലെ താമസക്കാരാണ്. ഒരു വര്‍ഷം തന്നെ പലവട്ടം വെള്ളംകയറുന്ന ഇടമായി മാറിക്കഴിഞ്ഞു ഇവിടം. ഓരോ മഴ പെയ്യുമ്പോഴും നെഞ്ചില്‍ തീയെന്ന് താമസക്കാര്‍ പറയുന്നു.
മുപ്പത്തിയാറ് ഏക്കറിലധികം പരന്നു കിടക്കുന്ന ഉന്നതിയാണ് എഴിക്കാട്. മുന്നൂറിലധികം കുടുംബങ്ങളാണ് രണ്ടു ഭാഗത്തായി ജീവിക്കുന്നത്. പമ്പയിലും കൈവഴിയായ പെരുന്തോട്ടിലും വെള്ളം കയറിയാല്‍ എഴിക്കാടിന് സമീപത്തെ വയല്‍ മുങ്ങും. ക്രമേണ ഉന്നതിയാകെ വെള്ളത്തിലാകും. 2018ന് ശേഷം ദുരിതം ഇരട്ടിയായി. വര്‍ഷത്തില്‍ പലവട്ടം പാത്രങ്ങളടക്കം നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇത്തവണ വീട് മുങ്ങി ആറാംദിവസമാണ് ഉന്നതിയില്‍ ഉള്ളവര്‍ക്ക് തിരിച്ചു വരാന്‍ കഴിഞ്ഞത്. ആറന്‍മുളയിലെ വെള്ളം ഒഴിഞ്ഞതോടെ സന്നദ്ധപ്രവര്‍ത്തകര്‍ അടക്കം എത്തി വീടുകളുടെ ശുചീകരണം നടത്തുന്നുണ്ട്. നഷ്ടപ്പെട്ട വീട്ടുപകരണങ്ങള്‍ വീണ്ടും സംഘടിപ്പിക്കണം.
അടുത്തിടെ ഉന്നതിയില്‍ രണ്ടുപേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ഏഴിക്കാട് കോളനിയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് താമസക്കാരുടെ ആവശ്യം. സ്ഥിരമായി വെള്ളംകയറുന്നതിന് സ്ഥിര പരിഹാരം വേണം എന്നാണ് അപേക്ഷ.