രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച കണ്ണൂർ സ്വദേശി രാജേഷ് യഥാർഥ ഹീറോയെന്ന് ഹൈക്കോടതി. ആ ധീരതയെ സല്യൂട്ട് ചെയ്യുന്നു. അതുല്യവും സമാനതകളില്ലാത്തതുമാണ് അദ്ദേഹത്തിന്റെ ത്യാഗം. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച മഹത്തായ മാതൃകയായ രാജേഷ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണം. രക്ഷിക്കുന്നയാള്‍ക്ക് സ്വന്തം ലൈഫ് ജാക്കറ്റ് കൈമാറിയ ശേഷമാണ് രാജേഷ് ശക്തമായ ഒഴുക്കില്‍പ്പെട്ടത്. രാജേഷിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ പരാമര്‍ശിച്ചു.

 

സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി, ഒടുവിൽ മരണത്തിലേക്ക്... 

 

ഓഗസ്റ്റ് ഒന്നിന് വൈകിട്ടാണ് രാജേഷ് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെടുന്നത്. കർണാടക വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയതോടെ കൃഷിയിടത്തിൽ കുടുങ്ങിയ കർഷകൻ ബെന്നിയെ രക്ഷിക്കാനായിരുന്നു രാജേഷും സഹരക്ഷാപ്രവർത്തകനായ ബിനിഷും വടവുമായി വെള്ളത്തിലിറങ്ങിയത്. വെള്ളം കഴുത്തറ്റം ഉയർന്നതോടെ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയ്ക്ക് ആദ്യം കയർ എറിഞ്ഞുനൽകി. എന്നാൽ കയർ തെങ്ങിൽ കെട്ടുന്നതിനിടെ ബെന്നിയുടെ വിരൽ കുടുങ്ങി. അതഴിച്ച് വീണ്ടും കെട്ടുന്നതിനിടെയാണ് രാജേഷ് നീന്തിയെത്തിയത്. സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി ബെന്നിയെ സുരക്ഷിതനാക്കിയ ശേഷം കയറിൽ തൂങ്ങി കരയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് രാജേഷ് അതിശക്തമായ ഒഴുക്കിൽപ്പെട്ടത്. രാജേഷ് മികച്ച നീന്തൽ വിദഗ്ധനായിരുന്നു. ഏകദേശം 40 മീറ്റർ വീതിയുള്ള പുഴയിലെ കുത്തൊഴുക്കും പാറക്കെട്ടുകളും മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് സ്വന്തം ലൈഫ് ജാക്കറ്റ് പോലും ഊരിനൽകിയതെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നു.

 

Also Read: 'ഫണ്ടില്ല എന്നത് നെറികെട്ട കാരണം; രാജേഷിന്‍റെ മൃതദേഹത്തോട് സർക്കാർ കാട്ടിയത് ക്രൂരമായ സമീപനം 

 

രാജേഷ് സുരക്ഷിതമായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ കാര്യങ്കോട് പുഴയ്ക്ക് നടുവിലെ തുരുത്തിൽനിന്ന് രാജേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഡിസാസ്റ്റർ സൊസൈറ്റിയിലെ അംഗമായിരുന്ന രാജേഷ് ഒരു മാസം മുമ്പാണ് കണ്ണൂരിൽ പരിശീലകനായി എത്തിയത്. മുൻ പ്രളയകാലത്തും വയനാട് ദുരന്തമേഖലയിലും ഉൾപ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന രാജേഷ്, അവസാന നിമിഷംവരെയും മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിലായിരുന്നു.അതുകൊണ്ടുതന്നെ, രാജേഷിന്റെ വേർപാട് ഒരു കുടുംബത്തിന്റെ മാത്രം നഷ്ടമല്ല, രക്ഷാപ്രവർത്തന രംഗത്തിന്റെയും കേരളത്തിന്റെയും തീരാനഷ്ടമായി മാറുകയാണ്

ENGLISH SUMMARY:

Rajesh, a true hero of Kerala, exemplified unparalleled sacrifice by giving his life jacket to save another during a rescue operation. The High Court praised his bravery and called his sacrifice unique and incomparable, emphasizing the government's support for his family.