kerala-highcourt-fresh-cut

കോഴിക്കോട്ടെ വിവാദ കോഴിമാലിന്യ സംസ്കരണകേന്ദ്രമായ ഫ്രഷ് കട്ട് വീണ്ടും തുറക്കാന്‍ ഇടയാക്കിയത് കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പ്ലാന്റില്‍നിന്ന് ജനവാസ മേഖലയിലേക്ക് മാലിന്യം കിനിഞ്ഞിറങ്ങുന്നില്ലെന്നും പുഴയില്‍ മാലിന്യം കലര്‍ന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ഇതു പരിഗണിച്ചാണ് ഹൈക്കോടതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അടച്ചുപൂട്ടല്‍ ഉത്തരവ് സ്റ്റേ ചെയ്തത്. 

നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു കമ്പനി പൂട്ടിയതെന്നാരോപിച്ചാണ് ഫ്രഷ് കട്ടിന്റെ ജനറല്‍മാനേജര്‍ ഹൈക്കോടതിയിലെത്തിയത്. വിശദമായ വാദം കേട്ട ജസ്റ്റിസ് സി.ജയചന്ദ്രന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനി പൂട്ടാനുള്ള കാരണമായി പറഞ്ഞെതെല്ലാം പ്രദമദൃഷ്ട്യ നിലനില്‍ക്കില്ലെന്നു കണ്ടെത്തി. ഉത്തരവിടുന്നതിനു മുന്‍പ് നോട്ടീസ് നല്‍കി ഹിയറിങ് നടത്തേണ്ടതുണ്ടായിരുന്നു. എന്നാല്‍, അത് ഇവിടെ പാലിക്കപെട്ടില്ല. ജനവാസ മേഖലിയിലേക്ക് മാലിന്യം ഒലിച്ചിറങ്ങുന്നുവെന്നായിരുന്നു മറ്റൊരു കാരണമായി നോട്ടീസില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആരോപണത്തിനപ്പുറം ഇക്കാര്യം സ്ഥിരീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍ജിനിയര്‍ പരിശോധന നടത്തിയില്ല. കനത്ത മഴയില്‍ വെള്ളം കയറി മാലിന്യം പ്ലാന്റിനു പിറകിലൂടെ ഒഴുകുന്ന പുഴയില്‍ കലര്‍ന്നെന്ന് ഉത്തരവിലുണ്ട്. 

ഇതിനെയും സാധൂകരിക്കുന്ന പരിശോധന റിപ്പോര്‍ട്ടുകളില്ല. പകരം  വെള്ളപൊക്കമുണ്ടായതിനു ശേഷം കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി പ്ലാന്റ് സന്ദര്‍ശിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ ജനവാസ മേഖലയിലേക്കു മാലിന്യമത്തുന്നില്ലന്നും വെളളപൊക്കത്തില്‍ പുഴയിലേക്ക് ഒഴുകി പോകുന്ന തരത്തില്‍ പ്ലാന്റില്‍ മാലിന്യം ശേഖരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് നല്‍കി. ഇതു കണക്കിലെടുത്താണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നതില്‍ വസ്തുതയില്ലെന്നു കോടതി വിലയിരുത്തി. തുടര്‍ന്ന് ഉത്തരവ് സ്റ്റേ ചെയ്തു. ഇക്കാര്യംവിശദമായി പരിശോധിക്കാന്‍ ബോര്‍ഡിന്റെ എന്‍ജിനിയറോട്  ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഈ റിപ്പോര്‍ട്ടില്‍ ജനവാസ മേഖലയിലേക്ക് മാലിന്യമെത്തുന്നതില്‍ സ്ഥിരീകരണമുണ്ടായില്ലെങ്കില്‍ കമ്പനിക്ക് അനുകൂല തീരുമാനം കോടതിയില്‍ നിന്നുണ്ടായേക്കും.

ENGLISH SUMMARY:

Fresh Cut Kozhikode's waste processing plant has been allowed to reopen following a report from the Kattippara Panchayat Secretary, stating that waste is not leaching into residential areas or polluting the river. The High Court has therefore stayed the closure order issued by the Pollution Control Board.