Ai Generated Image

ഇടപ്പള്ളി–അരൂർ 14.64 കിലോമീറ്റർ ആറുവരി ഉയരപ്പാത (Elevated Highway) പദ്ധതി മരവിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. സംസ്ഥാനത്തെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണ് ഇടപ്പളളി അരൂര്‍ ഹൈവേ. ഹൈവേയില്‍ നിലവില്‍ നടക്കുന്ന നിര്‍മാണ ജോലികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അതിന് ശേഷമേ പുതിയ പദ്ധതി പരിഗണിക്കൂവെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ലോക്‌സഭയിൽ ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഗഡ്കരിയുടെ പ്രതികരണം. ഇതിന് പകരമായി അങ്കമാലി–ഇടപ്പള്ളി–കുണ്ടന്നൂർ റൂട്ടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി അങ്കമാലി–അരൂർ ബൈപാസ് പദ്ധതി വേഗത്തിൽ നടപ്പാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ  തീരുമാനം. 

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറുവരി പാത ഇടപ്പള്ളിയിലെത്തുമ്പോൾ നാലുവരിയായി ചുരുങ്ങും. ഇതാണ് ഈ റൂട്ടിലെ പ്രധാന പ്രതിസന്ധി. കൂടാതെ എൻ.എച്ച് 66, കോസ്റ്റൽ ഹൈവേ, എൻ.എച്ച് 544 എന്നിവ സംഗമിക്കുന്ന ഇടപ്പള്ളി–അരൂർ ഭാഗം സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ പാതയാണ്. പാതയുടെ ഇരുവശവും വലിയ മാളുകളും ഫ്ലാറ്റുകളും ഉള്ളതിനാൽ ഭൂമിയേറ്റെടുക്കൽ അസാധ്യമാണ്. അതിനാലാണ് ഉയരപ്പാത് നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഇതിന്റെ ഡി.പി.ആർ (DPR) തയ്യാറാക്കാൻ ഏൽപ്പിച്ച ഏജൻസി പാതിവഴിയില്‍ പദ്ധതി ഉപേക്ഷിച്ചതും, പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലെ കൊച്ചി മെട്രോ ലൈൻ നിർമാണത്തിന് തടസ്സമാകുന്നതും ഉയരപ്പാതയ്ക്ക് തിരിച്ചടിയായി. 

അതേസമയം അങ്കമാലി–അരൂർ എട്ടുവരി ഗ്രീൻഫീൽഡ് ബൈപാസ് പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പോർട്ട് കണക്റ്റിവിറ്റിയോടെയുള്ള 49.5 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് അങ്കമാലി–അരൂർ എട്ടുവരി ഗ്രീൻഫീൽഡ് ബൈപാസ് പദ്ധതി. അങ്കമാലിയിൽ നിന്ന് ആരംഭിച്ച് പ്രധാന നഗരകേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് അരൂർ-തുറവൂർ ഉയരപ്പാതയിലേക്കാണ് ഈ പുതിയ പാതയെ ബന്ധിപ്പിക്കുന്നത്.  ഇതിന്റെ ഡി.പി.ആർ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഭൂമിയേറ്റെടുക്കലിനായുള്ള 3A വിജ്ഞാപനം ഓഗസ്റ്റിൽ വീണ്ടും പുറപ്പെടുവിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ENGLISH SUMMARY:

The Edappally Aroor elevated highway project has been put on hold by the Ministry of Surface Transport, impacting Kerala's most congested traffic corridor. This decision prioritizes ongoing construction and aims to address traffic issues with an alternative Ankamaali-Aroor bypass plan.