മഴ തുടരുന്ന പശ്ചാത്തലത്തിൽ 5  ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലാണ് അവധി. പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടും നാളെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടി മുതല്‍ പ്രഫഷനല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇടുക്കിയിലും തൃശൂരും ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്കൂളുകള്‍ക്ക് അവധിയാണ്. 

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മഴക്കെടുതിയും ദുരിതവും തുടരുകയാണ്. കോട്ടയം നഗരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങൾ തുടര്‍ച്ചയായി ആറാം ദിവസവും വെള്ളക്കെട്ടിലാണ്. മീനച്ചിലാറില്‍ ജലനിരപ്പ് താഴുന്നുണ്ടെങ്കിലും തിരുവാര്‍പ്പ്, കുമരകം പഞ്ചായത്തുകളില്‍ ദുരിതം തുടരുന്നു. അയ്യായിരത്തിലധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. വെള്ളം ഇറങ്ങിയതോടെ ആറന്മുളയിലെ അവസാനവട്ട ശുചീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയായിവരികയാണ്.

കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞത് തിരുവല്ലയിൽ ആശ്വാസമായെങ്കിലും അപ്പർ കുട്ടനാട് മേഖല കടുത്ത ദുരിതത്തിലാണ്. അപ്പർ കുട്ടനാട് മേഖലയിലെ ദുരിതാശ്വാസ ക്യാംപുകൾ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്. ഇതിനിടെ സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

തിരുവല്ല അമ്പലപ്പുഴ സംസ്ഥാന പാതയിൽ നീരേറ്റുപുറം പാലത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു.ആലപ്പുഴയിൽ മഴയും കുറഞ്ഞു, വെള്ളത്തിന്റെ വരവും കുറഞ്ഞു. പക്ഷേ ഒരിക്കലും വെള്ളം കയറില്ല എന്ന അവകാശവാദവുമായി കോടികൾ മുടക്കി, കഴിഞ്ഞ സർക്കാർ നിർമ്മിച്ച ആലപ്പുഴ - ചക്കങ്ങനാശ്ശേരി റോഡ് ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. ഇടവിട്ടിടവിട്ട് റോഡിൽ വലിയ വെള്ളക്കെട്ടായതിനാൽ ഗതാഗതം ഭാഗികമായി മാത്രമേ നടക്കുന്നുള്ളു.

ENGLISH SUMMARY:

Four districts in Kerala have announced a holiday for all educational institutions tomorrow due to continuous rainfall. This holiday applies to all institutions from Anganwadi to professional colleges in Wayanad, Pathanamthitta, Alappuzha, and Kottayam districts, with Pathanamthitta also experiencing a Red Alert today and Orange Alert tomorrow.