മധ്യകേരളത്തിലെ മിന്നല്‍ പ്രളയത്തിന്‍റെ പ്രധാനകാരണം വേമ്പനാട് കായലിന്‍റെ സര്‍വനാശം. കേരളത്തിലെ ഏറ്റവും വലിയ കായലിന്‍റെ ജലസംഭരണ ശേഷി വെറും 15 ശതമാനം മാത്രം. 49 ശതമാനം കായല്‍ നികത്തപ്പെട്ടതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഒരു രാത്രി നിന്നുപെയ്ത മഴയെ തുടര്‍ന്നാണ് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പലപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയത്. പുഴയും തോടും കനാലും കരകവിഞ്ഞതോടെ ഇരമ്പിയെത്തിയ വെള്ളത്തിന് മുന്നില്‍ നാടാകെ പകച്ചു നിന്നു. അതി തീവ്രമഴക്കൊപ്പം പ്രളയത്തിന് വഴിവെക്കുന്നത് മധ്യകേരളത്തിന്‍റെ ജീവനാഡിയായ വേമ്പനാട് കായലിന്‍റെ സര്‍വനാശമാണ്. മണ്ണും എക്കലും പ്ലാസ്റ്റിക്കും നിറഞ്ഞ് കായലിന്‍റെ ആഴം കുറഞ്ഞു. വന്‍തോതിലുള്ള നികത്തല്‍ കൂടിയായപ്പോള്‍ വിസ്തൃതിയും ഗണ്യമായി ചുരുങ്ങി. ഇതോടെ പമ്പ, അച്ചന്‍കോവില്‍, മണിമല, പെരിയാര്‍ എന്നിവയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ജനവാസ മേഖലയിലേക്ക് പരന്നൊഴുകാന്‍ തുടങ്ങി.
കായലിന്‍റെ ആഴം കൂട്ടാനുള്ള അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. KUFOS. CWRDM തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സമയബന്ധിതമായി വേമ്പനാടുകായലിന്‍റെ പുനരുജ്ജീവന പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ മധ്യ കേരളത്തിലെ നാലുജില്ലകള്‍ നിരന്തരം വെള്ളപ്പൊക്ക ഭീഷണിയില്‍ വലയും.