rain-kerala

അടുത്ത 3 മണിക്കൂറിൽ  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

അതേസമയം, കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 26 പേര്‍ മരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. 67.44കോടിയുടെ നഷ്ടമുണ്ടായി. ഏകദേശം 23,500 കര്‍ഷകരെ ഇത് ബാധിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എട്ടുലക്ഷം രൂപയും, വീടുംസ്ഥലവും നഷ്ടമായവര്‍ക്ക് 12ലക്ഷവും ധനസഹായവും നല്‍കും. 

കടകള്‍ നശിച്ചവര്‍ക്കും വീട്ടില്‍ വെള്ളംകയറിയവര്‍ക്കും പതിനായിരം രൂപവീതം നല്‍കും. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വിശദീകരിച്ചു. 

ദുരിതാശ്വാസ ക്യാംപുകളില്‍ ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറ​ഞ്ഞു. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കും. ഉറങ്ങാതെ ദുരന്തനിവാരണം നടത്തുന്നവരെ നിരാശരാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോന്നിയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് വി.ഡി.സതീശന്‍ മറുപടി നല്‍കി. ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ബാധിച്ച സ്ഥലങ്ങളിലാണ് താന്‍ നേരിട്ടെത്തിയത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെ യോഗത്തിലേക്ക് എം.എല്‍.എമാരെ പ്രത്യേകമായി വിളിച്ചിരുന്നില്ലെങ്കിലും ചിലര്‍ എത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ആവശ്യമായ അധികാരങ്ങളും ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും കുട്ടനാട് എം.എല്‍.എ വിളിച്ച യോഗം കാബിനറ്റ് യോഗ സമയത്തായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Kerala rain forecast indicates moderate rain and strong winds up to 40 km/h in Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, and Kasaragod districts over the next 3 hours. Other districts are expected to receive isolated light rain.