കണ്ണൂര്‍ ചെറുപുഴ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ രാജേഷിന്‍റെ മൃതദേഹം നാലാം ദിനം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട ഇടത്ത് നിന്നും ഒന്നര കിലോമീറ്റര്‍ മാറി പുളിങ്ങോം പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കില്‍പ്പെട്ടയാള്‍ക്ക് തന്‍റെ ലൈഫ് ജാക്കറ്റ് ഊരി നല്‍കി രക്ഷപ്പെടുത്തിയ ശേഷമാണ് രാജേഷിനെ കാണാതാകുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ ആളെ രക്ഷിച്ചു കൊണ്ടുവരുന്നതിനിടയിലാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം അഞ്ചോടെയാണ് തുരുത്തിൽ ഒരാൾ ഒറ്റപ്പെട്ടതായി അറിയുന്നത്. മീന്തുള്ളി വാട്ടർ ഫാൾസിലെ റെപ്പല്ലിങ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളും ചേർന്ന് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തി തുരുത്തിൽ എത്തി. ലൈഫ് ജാക്കറ്റ്, റോപ്പ് എന്നിവയടക്കമുള്ളവ സന്നാഹങ്ങള്‍ ഒപ്പമുണ്ടായിരുന്നു.
തുരുത്തിൽ കുടുങ്ങിയ ബെന്നിയെ സ്വന്തം ജാക്കറ്റ് ഊരിനല്‍കിയാണ് രാജേഷ് പുഴയിലൂടെ കടത്തിക്കൊണ്ടുവന്നത്. കരയുടെ ഭാഗത്ത് എത്താറായപ്പോൾ രാജേഷിന് കയറിൽനിന്ന് പിടി വിട്ടു. നീന്താൻ ശ്രമിച്ചെങ്കിലും മുങ്ങിപ്പോയി. റോപ്പ് ക്ലൈംബിംഗിൽ രാജേഷ് ഒട്ടേറെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ദ്ധനായിരുന്നു. വെള്ളത്തിൽ ശരീരം കോച്ചിപ്പിടിച്ചതാവാം നീന്താനാവാതെ പോയതെന്നാണ് നിഗമനം. രാജേഷിനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തിരച്ചിലിലായിരുന്നു.