ശബരിമലയിലേക്ക് മില്‍മയുടെ വ്യാജ നെയ്യ് എത്തിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരന്‍.  പത്തനംതിട്ട മില്‍മ ഡയറിയില്‍ നിന്നും പമ്പയിലേക്ക് വാഹനത്തില്‍ നെയ്യ് എത്തിക്കുന്ന കരാര്‍ ഉറപ്പിക്കാന്‍ മില്‍മയുടെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടായി. ദേവസ്വം വിജിലന്‍സിന്‍റെ അന്വേഷണത്തിലാണ് വിലക്കുണ്ടായിരുന്ന വ്യക്തി തടസങ്ങളില്ലാതെ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതിന്‍റെ തെളിവ് ലഭിച്ചത്. 

തട്ടിപ്പിന് കൈ മെയ് മറന്ന് സഹായിച്ചവരെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയെങ്കിലും ആസൂത്രണത്തിലെ അതിബുദ്ധി തെളിയുകയാണ്. സന്നിധാനത്തേക്ക് സാധനങ്ങളെത്തിക്കാനുള്ള കരാറിലും, നിര്‍മാണ ജോലികളിലും, ഹോട്ടല്‍ നടത്തിപ്പിലും ക്രമക്കേട് കാട്ടിയതിന് ദേവസ്വം ബോര്‍ഡ് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്ന വ്യക്തിയാണ് പമ്പയിലേക്ക് മില്‍മയുടെ നെയ്യ് വാഹനത്തിലെത്തിക്കാനുള്ള കരാര്‍ നേടിയെടുത്തത്. കരിമ്പട്ടികയില്‍പ്പെട്ട ആളാണെന്ന കാര്യം മില്‍മ അധികൃതര്‍ ബോധപൂര്‍വം മറച്ചുവച്ചെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തല്‍. മില്‍മ പത്തനംതിട്ട യൂണിറ്റിലെ മാര്‍ക്കറ്റിങ് ഓഫിസര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി. ഓപ്പണ്‍ ടെണ്ടറിന് പകരം സീല്‍ഡ് ടെണ്ടര്‍ വിളിച്ച് ഒരേ ഒരു കരാറുകാരന് മാത്രമായി വഴിയൊരുക്കി. ഉയര്‍ന്ന തുകയും നാമമാത്രമായ തുകയും വ്യത്യസ്ത ടെണ്ടറില്‍ രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥ നിര്‍ദേശപ്രകാരമാണ്. 

ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായുള്ള സൗഹൃദവും ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരെ വിശ്വാസത്തിലെടുത്തതും കരാറുകാരന് ലക്ഷങ്ങള്‍ തട്ടുന്നതിന് സഹായമൊരുക്കിയെന്നാണ് വിലയിരുത്തല്‍. പഴുതടച്ചുള്ള തട്ടിപ്പിന് മുന്‍കാല പരിചയവും കരാറുകാരന്‍ വിനിയോഗിച്ചു. നേരത്തെ ചട്ടവിരുദ്ധ പ്രവര്‍ത്തനത്തിന് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്ന കരാറുകാരനെ തിരിച്ചറിയാന്‍ ദേവസ്വം വിജിലന്‍സിനും കഴിഞ്ഞില്ലേ അഥവാ രേഖകള്‍ പരിശോധിച്ചില്ലേ എന്ന സംശയമാണുയരുന്നത്. മുപ്പത് ലോഡില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്ലാതെ ഇരുപത്തി നാല് ലോഡ് നെയ്യ് മലകയറിയതില്‍ കരാറുകാരനുള്ള മെയ് വഴക്കത്തിന് കണ്ണടച്ച് സഹായിച്ചവരുടെ പട്ടിക നീളുമെന്ന് വ്യക്തം.  

ENGLISH SUMMARY:

Sabari fake ghee was supplied to Sabarimala by a contractor blacklisted by the Travancore Devaswom Board. Evidence has emerged that the blacklisted individual secured a deal worth lakhs, with the alleged connivance of Milma and Devaswom Board officials.