മൂന്ന് ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതിക്കായി കോഴിക്കോട് ഒരുങ്ങവെ വിമര്‍ശനങ്ങള്‍ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാനുള്ള കരുതലിലാണ് സംസ്ഥാന നേതൃത്വം. എന്നാല്‍ കേരളത്തിനകത്ത് നിന്നുള്ള പിബി അംഗങ്ങള്‍ക്ക് പുറമേ പുറത്തുനിന്നുള്ള പിബി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരായ തുറന്നുപറച്ചിലിനും വിമര്‍ശനങ്ങള്‍ക്കും കുറവുണ്ടാകാനിടയില്ല.
ഈ മാസം 13 മുതല്‍ 15വരെ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തിലാണ് വിശാല സംസ്ഥാന സമിതി നടക്കുക. ആകെ 307 പേര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമേ അഞ്ച് പിബി അംഗങ്ങള്‍ കൂടി യോഗത്തിനെത്തും.
നിലവിലെ പാര്‍ട്ടി സംവിധാനത്തിന് പോറലേല്‍ക്കാതിരിക്കാനാകും പിണറായി വിജയന്‍റെയും എംവി ഗോവിന്ദന്‍റെയും ശ്രമം. എന്നാല്‍ നിരീക്ഷകരായെത്തുന്ന പിബി അംഗങ്ങളായ കെ. ബാലകൃഷ്ണന്‍, ബിവി രാഘവലു, അശോക് ധാവ്ള, വിജു കൃഷ്ണന്‍, കെ. വാസുകി എന്നിവരുടെ നിലപാടുകള്‍ നിര്‍ണായകമാകും. സംഘടനാ ദൗര്‍ബല്യവും തിരഞ്ഞെടുപ്പ് സമയത്ത് പോലും പ്രവര്‍ത്തകര്‍ നിസംഗരായി മാറിയെന്ന വിമര്‍ശനവും തിരുത്തല്‍ നടപടികളും ചര്‍ച്ചയാകും. മാറ്റം വേണമെന്ന ഭൂരിഭാഗം അണികളുടെ ആഗ്രഹമാണ് ചില കുത്തക മണ്ഡലങ്ങളിലെ തോല്‍വിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
കേരളത്തിലെ കേന്ദ്രകമ്മറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വര്‍ഗ ബഹുജന സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ വിശാല സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കും.