പത്തനംതിട്ട റാന്നി ടൗണിലെ വെള്ളം ഇറങ്ങി. വെള്ളം ഇറങ്ങിയതോടെ നഗരത്തിലെങ്ങും മാലിന്യ കൂമ്പാരമായി. 5 കിലോമീറ്റർ ചുറ്റളവിൽ ആയിരത്തിലധികം കടകളിലും വീടുകളിലുമാണ് വെള്ളം കയറിയത്. ആറന്മുളയിലെ വെള്ളക്കെട്ട് ഒഴിഞ്ഞില്ല. റാന്നി ഇട്ടിയപ്പാറ ബസ്റ്റാൻഡിലെ വെള്ളമൊഴിഞ്ഞപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു. നിറയെ മാലിന്യം. താഴ്‌ന്ന സ്ഥലത്തെ കടകളിൽ ഒക്കെ വെള്ളം.

റാന്നി എംഎൽഎ പഴകുളം മധുവിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഹരിത കർമ്മ സേന അംഗങ്ങളും പോലീസും ചേർന്ന് ബസ് സ്റ്റാൻഡ് വൃത്തിയാക്കി. പുനലൂർ മൂവാറ്റുപുഴ പാതയുടെ ഇരുവശത്തെയും കടകളിലെല്ലാം രാവിലെ ശുചീകരണം തുടങ്ങി. വലിയ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ. വെള്ളം ഇറങ്ങിയതോടെ വീടുകളിലും ചെളി നിറഞ്ഞു. പെട്ടെന്ന് വെള്ളം കയറിയതിനാൽ സാധനങ്ങൾ ഒന്നും മാറ്റാൻ കഴിഞ്ഞില്ല. പാമ്പിൻ്റെയും ഒച്ചിന്റെയും ശല്യം കൂടി.

ആറന്മുളയിൽ വെള്ളക്കെട്ട് തുടരുകയാണ്. ചെങ്ങന്നൂർ കോഴഞ്ചേരി റോഡിലെ ഗതാഗതം പൂർണമായും പുനസ്ഥാപിക്കാനായില്ല.  ആറന്മുളയിൽ ഒട്ടേറെ വീടുകളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ട്. രാത്രിയോടെ വെള്ളം ഇറങ്ങും എന്നാണ് പ്രതീക്ഷ.

ജാഗ്രത തുടരണം എന്ന് മന്ത്രി പിസി വിഷ്ണുനാഥ്. പമ്പയാറ്റിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ് . മൂഴിയാർ അണക്കെട്ടിന്റെ ഷട്ടർ അടച്ചു.

ENGLISH SUMMARY:

Ranni flood aftermath and cleanup efforts are underway in Pathanamthitta, Kerala, following significant waterlogging and damage. The immediate focus is on sanitation and restoring normalcy to affected areas after the floodwaters receded.