ലൈഫ് പദ്ധതിയില്‍ ആയിരങ്ങള്‍ വീട് കാത്തിരിക്കുമ്പോള്‍ പത്തനംതിട്ട കലഞ്ഞൂരില്‍ നിര്‍മിച്ച ലൈഫ് വീടുകളില്‍ താമസിക്കാന്‍ ആളില്ല. 13 വീടുകളില്‍ ആണ് താമസക്കാര്‍ ഇല്ലാതെ കാട് കയറി നശിക്കുന്നത്. കാട് വളരുന്നത് സമീപത്തെ താമസക്കാര്‍ക്കും ഉപദ്രവമാണ്. പഞ്ചായത്ത് അടുത്ത ദിവസം നോട്ടിസ് നല്‍കി വീട്ടുടമകളുടെ യോഗം വിളിക്കും. കലഞ്ഞൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലാണ് കാടുമൂടിയ ലൈഫ് വീടുകള്‍. 

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്,കലഞ്ഞൂര്‍ പഞ്ചായത്ത്,പട്ടികജാതി വികസന വകുപ്പ് എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് 2021ല്‍ ഭൂരഹിതരായ 17കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ് വീതം നല്‍കിയിരുന്നു. ഒരുമിച്ച് സ്ഥലം വാങ്ങി അളന്നു തിരിച്ചു നല്‍കുകയായിരുന്നു ഭൂമി നല്‍കിയത്. ലൈഫ് പദ്ധതിയില്‍ നാലുലക്ഷം രൂപ വീട് നിര്‍മാണത്തിനും അനുവദിച്ചു. ആകെ17വീട് നിര്‍മിച്ചു. ഇപ്പോള്‍ ആകെ നാലു വീട്ടിലേ താമസക്കാരുള്ളു. 13 വീടുകളില്‍ ആളില്ല. അഞ്ച് വീടുകള്‍ പൂര്‍ണമായും കാടുമൂടിയ അവസ്ഥയിലാണ്. മറ്റ് വീടുകളുടെ കതകും ജനലും ദ്രവിച്ചു. കാട് മൂടിയത് കാരണം ഇതേ സ്ഥലത്ത് നാല് ലൈഫ് വീടുകളില്‍ താമസിക്കുന്നവര്‍ക്കും ദുരിതമാണ്.

ഇതില്‍16കുടുംബങ്ങളും ലൈഫ് ഫണ്ട് പൂര്‍ണമായും കൈപ്പറ്റിയതാണ്. കുടിവെള്ളമില്ല എന്നാണ് ചിലരുടെ പരാതി. രോഗം കാരണം ഒറ്റയ്ക്ക് താമസിക്കാന്‍ കഴിയാത്തവരുണ്ട്. എല്ലാ വീട്ടിലേക്കും വൈദ്യുതി കണക്ഷന്‍ ഉണ്ട്. സ്ഥലത്തേക്ക് വഴിയുണ്ട്. പുനലൂര്‍ മൂവാറ്റുപുഴ പാതയിലേക്ക് ഒന്നരക്കിലോമീറ്ററും കായംകുളം പുനലൂര്‍ റോഡിലേക്ക് ഒരുകിലോമീറ്ററും മാത്രമാണ് ദൂരം. പിന്നെയും വരാന്‍ മടിയെന്താണ് എന്നാണ് സംശയം. പുറമ്പോക്കില്‍ വീട് വച്ചു പട്ടയം കാത്തിരിക്കുന്ന ചിലര്‍ക്കും ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയെന്നാണ് സംശയം. ഇതാണ് വരാന്‍ മടി. ചിലവീടുകള്‍ക്ക് പണികള്‍ ബാക്കിയുണ്ട്. പക്ഷേ ഇതുപോലും പറയാന്‍ ആരും മുന്നോട്ട് വരുന്നില്ല എന്ന് പഞ്ചായത്ത് പറയുന്നു.

ENGLISH SUMMARY:

Life housing project Kerala faces a peculiar situation where thousands wait for homes, yet thirteen newly constructed Life houses in Pathanamthitta's Kalanjur lie abandoned and overgrown with vegetation. This issue within the Life Mission project highlights significant problems with housing scheme implementation and stalled projects in Kerala.