priyadarshini-over-crowd

ലക്ഷക്കണക്കിന് വനിതകൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതി. എന്നാൽ,  KSRTC ബസുകളിലെ അനിയന്ത്രിതമായ തിരക്കിൽ ഒരുപോലെ വലയുകയാണ് യാത്രക്കാരും ജീവനക്കാരും. പദ്ധതിയുടെ ആഘാതത്തിൽ പ്രതിസന്ധിയിലായെന്ന് സ്വകാര്യബസ് മേഖലയും ആരോപിക്കുന്നു.

'പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രാ പദ്ധതി വൻ വിജയമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. കെ.എസ്.ആർ.ടി.സിയിലെ പ്രതിദിന വനിതാ യാത്രക്കാരുടെ എണ്ണത്തിലും വൻ വർധനവുണ്ട്. എന്നാൽ പ്രിയദർശിനി എല്ലാവർക്കും അത്ര പ്രിയമല്ല. പദ്ധതി തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രധാന പരാതി പ്രിയദര്‍ശിനി ബസുകളിലെ അനിയന്ത്രിതമായ തിരക്കാണ്. 60 പേരെ ഉൾകൊള്ളാൻ കപ്പാസിറ്റിയുള്ള ബസിൽ കയറുന്നത് ഏകദേശം 150തോളം യാത്രക്കാരാണ്. 

സൗജന്യയാത്ര സേവനം വിനിയോഗിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട് സ്ത്രീകളും. പ്രിയദർശിനി ബസ്സുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്. പദ്ധതിയുടെ വരവോടെ കടുത്ത പ്രതിസന്ധിയാണ് സ്വകാര്യബസ് മേഖലയിൽ. പ്രിയദർശിനി സർവീസ് മൂലം മിക്ക സ്വകാര്യ ബസിനും ദിവസേന ശരാശരി 3500 രൂപയോളം നഷ്ടം ഉണ്ടാകുന്നുണ്ടെന്നാണ് ജീവനക്കാരുടെയും ഉടമകളുടെയും പരാതി. കഴിഞ്ഞ ദിവസം തൊപ്പുംപടിയിൽ ദോശ ചുട്ടായിരുന്നു സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം. തങ്ങളെയും പരിഗണിക്കണമെന്ന അഭ്യർത്ഥന മാത്രമാണ് ഇവർക്കുള്ളത്.

ENGLISH SUMMARY:

The Priyadarshini free bus scheme has been a great success, offering free travel to lakhs of women in Kerala. However, both passengers and staff are struggling with severe overcrowding on KSRTC buses due to the scheme's popularity, while the private bus sector also claims to be in crisis.