9 ഭാഷകളിൽ വിവാഹ പരസ്യം നൽകി വധുവിനെ തേടി കാത്തിരിക്കുകയാണ് കാസർകോട് സി- മെറ്റ് നഴ്സിംഗ് കോളേജിലെ അസോഷ്യേറ്റ് പ്രൊഫസർ കെ. കെ അജിത്ത്. 14 വർഷം മുൻപ് വിവാഹാലോചന തുടങ്ങിയെങ്കിലും ഒന്നും നടക്കാതെ വന്നതോടെയാണ് സ്വന്തമായി പോസ്റ്ററുകൾ പതിപ്പിക്കാൻ ഈ അധ്യാപകൻ തീരുമാനിച്ചത്. പരസ്യം കണ്ടെങ്കിലും ആരെങ്കിലും വന്നാൽ അജിത്തിന് ഒരു കൂട്ടാവും.
അഞ്ചു ബിരുദാനന്തര ബിരുദങ്ങൾ. സ്ഥിര വരുമാനമുള്ള ജോലി, നഴ്സിങ് കോളേജിലെ അസോഷ്യേറ്റ് പ്രൊഫസർ. എന്നിട്ടെന്താ പെണ്ണ് കിട്ടണ്ടേ.... പഠിച്ച് ഭ്രാന്തായ ഒരാൾക്ക് പെണ്ണ് നൽകില്ലെന്നും ചിലർ പറഞ്ഞത്രേ. കെ കെ അജിത്ത് 14 വർഷം മുമ്പ് തുടങ്ങിയ വിവാഹാലോചന ഇന്നും തുടരുന്നു. ഇതിനിടയിൽ തനിക്ക് വാഗ്ദാനം നൽകി വഞ്ചിച്ച മാരേജ് ബ്യൂറോകൾക്കെതിരെ പലതവണ കോടതി കയറി. ചിലരൊക്കെ ക്ഷമ പറഞ്ഞ് തടിയൂരി. ചിലത് നഷ്ടപരിഹാരവും നൽകി.
മാരേജ് ബ്യൂറോകളും ബ്രോക്കർമാരും വഞ്ചിച്ചതോടെ കെ കെ അജിത്ത് ആലോചനയുമായി നേരിട്ടിറങ്ങി. 9 ഭാഷകളിൽ പോസ്റ്ററുകൾ തയ്യാറാക്കി വൈദ്യുത തൂണുകളിൽ പതിപ്പിച്ചു. കണ്ണൂർ നഗരത്തിലും കാസർകോട് ജില്ലയിലെ പല ഭാഗങ്ങളിലും വധുവിനെ അന്വേഷിച്ചുള്ള അജിത്തിന്റെ പരസ്യം കാണാം. ഒപ്പം വിവാഹം ശരിയാക്കി നൽകുന്നവർക്ക് ഇരുപതിനായിരം രൂപ പാരിതോഷികവും. മകന്റെ വിവാഹം കാണണമെന്ന ആഗ്രഹം ബാക്കിയാക്കി കഴിഞ്ഞവർഷം പിതാവ് മരിച്ചു. ഇനിയെങ്കിലും ഏതെങ്കിലും പെൺകുട്ടി തനിക്കൊപ്പം ജീവിക്കാൻ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് 43 കാരനായ കെ.കെ അജിത്ത്.