ലംബോർഗിനി കാർ വീട്ടിൽ വച്ച് നിർമ്മിച്ചു എഞ്ചിനീയറിങ് വിദ്യാർഥി. ആലപ്പുഴ ചാരുംമൂട് താമരക്കുളം സ്വദേശി ആരോമൽ ഉണ്ണിയാണ് ലംബോർഗിനി ഹൂറക്കാൻ കാർ വീട്ടുമുറ്റത്ത് വച്ച് നിർമ്മിച്ചത്. ആരോമലിന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് പൂർത്തിയായത്.
കുട്ടിക്കാലം മുതലുള്ള മിനിയേച്ചർ നിർമ്മാണ കമ്പത്തിൽ നിന്നാണ് സ്വന്തമായി ഒരു കാർ ഉണ്ടാക്കണം എന്ന സ്വപ്നം ആരോമൽ ഉണ്ണി കണ്ടു തുടങ്ങിയത്. ആ സ്വപ്നം അവനൊപ്പം വളർന്ന് ഇന്ന് യാഥാർഥ്യമായി. ലംബോർഗിനിയുടെ ഹൂറക്കാൻ മോഡൽ കാർ ആരോമൽ വീട്ടു മുറ്റത്ത് വച്ചു തന്നെ നിർമ്മിച്ചു. എഞ്ചിനീയറിങ് പഠനത്തിനൊപ്പം കഴിഞ്ഞ നാല് വർഷത്തെ അധ്വാനത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഫോർഡ് ഐക്കൺ കാറിന്റെ ആക്രി കടയിൽ നിന്ന് വാങ്ങിയ എഞ്ചിൻ ആണ് ലംബോർഗിനിയിൽ ഘടിപ്പിച്ചത്. കാറിന്റെ രൂപ രേഖ തയ്യാറാക്കലും ബോഡി നിർമ്മാണവും ആയിരുന്നു പ്രധാന വെല്ലുവിളി. മകന്റെ വാഹന കമ്പത്തിന് ഒപ്പം അമ്മയും അച്ഛനും ഉൾപ്പെടുന്ന കുടുംബം ഒന്നാകെ അണിനിരന്നു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കടമ്പകൾ ഇനിയും കടക്കണം. നിലവിൽ സമൂഹ മാധ്യമങ്ങളിൽ കണ്ട് വാഹനം സ്വന്തമാക്കാൻ ആരോമലിനെ പലരും സമീപിച്ചിട്ടുണ്ട്.മ