ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കണ്ട് അന്തംവിട്ട് സാധാരണക്കാര്‍. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 കടന്ന് കുതിക്കുകയാണ്. ഇതോടെ ഓണ ബജറ്റിന്‍റെ കാര്യത്തില്‍ ഒരു തീരുമാനമായി. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 35 രൂപ ഉണ്ടായിരുന്ന കാരറ്റിന് കിലോയ്ക്ക് 80 രൂപ വരെ നല്‍കണം. 70 മുതല്‍ 100 വരെ ഉണ്ടായിരുന്ന ഇഞ്ചി വില 200 കടന്നു. വെളുത്തുള്ളിയുടെ ചില്ലറവില 200 രൂപയ്ക്ക് മുകളിലാണ്. ചെറിയ ഉള്ളിക്ക് 90 മുതല്‍ 110 രൂപ വരെയും ബീറ്റ്റൂട്ടിന് 65 മുതല്‍ 80 രൂപ വരെയും എത്തി. ബീന്‍സ്, അമരപ്പയര്‍, മുരിങ്ങ എന്നിവയും 80 രൂപയ്ക്ക് മുകളിലാണ്.
വിലക്കയറ്റത്തിന് പിന്നില്‍ പല കാരണങ്ങളാണ് കച്ചവടക്കാര്‍ നിരത്തുന്നത്. അതേ സമയം തക്കാളി വിലയില്‍ അല്‍പ്പം കുറവാണ് ഉണ്ടായത്. 60 രൂപയില്‍ നിന്ന് 25 രൂപയിലേക്ക് തക്കാളി വില താഴ്ന്നിട്ടുണ്ട്. ഓണം അടുത്തു വരുന്നതിനാല്‍ വില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അരിവിലയിലും വലിയ വര്‍ധനയാണ് ഉണ്ടായത്. പത്തുരൂപ വരെയാണ് അരി കിലോയ്ക്ക് കൂടിയത്. ഓണം അടുക്കുമ്പോള്‍ വില ഇനിയും ഉയര്‍ന്നേക്കുമെന്നും നിയന്ത്രിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും സത്വര നടപടികള്‍ വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് അരി കൂടുതലായും എത്തുന്നത്. മഴയുടെ ലഭ്യത കുറഞ്ഞതും ഇന്ധന വില വര്‍ധനയുമാണ് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.