സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ. ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെ വ്യാപക മഴക്കെടുതി. കുടയത്തൂരില്‍ ഉരുള്‍പൊട്ടി മഷിക്കല്ലേല്‍ സുമതി മരിച്ചു. മലവെള്ളപ്പാച്ചിലില്‍ സുമതിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരന്‍ മരിച്ചു. പശുപ്പാറയില്‍ വീട് തകര്‍ന്നു, കുടുംബം അത്ഭുതകരമായി രക്ഷപെട്ടു. തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ തകര്‍ന്നു.
കൊക്കയാറില്‍ ആറ് വീടുകളില്‍ വെള്ളം കയറി. പീരുമേട് പാഞ്ചാലിമേട്ടില്‍ റിസോര്‍ട്ടിന്‍റെ മതിലിടിഞ്ഞ് വാഹനങ്ങള്‍ തകര്‍ന്നു. കോട്ടയം കുമളി റോഡില്‍ പെരുവന്താനത്ത് മണ്ണിടിഞ്ഞു. ഇടുക്കി ഉപ്പുതുറ മത്തായിപ്പാറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. പൊലീസുകാര്‍ വാഹനം നിര്‍ത്തി ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. തൊടുപുഴ–വണ്ണപ്പുറം റോഡിലെ തൊമ്മന്‍കുതത്് പാലം വെള്ളത്തിനടിയിലായി. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ആറു വീടുകളില്‍ വെള്ളം കയറി, വീടുകളില്‍നിന്ന് ആളുകളെ മാറ്റി. ഈരാറ്റുപേട്ട– വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ തോട് കരകവിഞ്ഞു. കെ.കെ.റോഡിൽ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിൽ സ്കൂളുകൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് അവധി.
കോട്ടയം ജില്ലയിലും അതിശ്കതമഴയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. പൂഞ്ഞാര്‍ പയ്യാനിത്തോട്ടം വണ്ടന്‍പ്ലാവില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുമരണം. മണപ്പാട്ട് ജോണിയുടെ മകന്‍ ജോസഫിനും ജോണിയുടെ ഭാര്യ റെജീനയും മരിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുള്‍പൊട്ടലുണ്ടായി. തീക്കോയി പഞ്ചായത്തിലെ 30ഏക്കറില്‍ ഉരുള്‍പൊട്ടലില്‍ നാലുവീടുകള്‍ തകര്‍ന്നു.
പൂഞ്ഞാര്‍ പെരിങ്ങുളം, തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി ചട്ടമ്പി, അടിവാരം കുടമുരട്ടി എന്നിവിടങ്ങളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മീനച്ചിലാര്‍ കരകവിഞ്ഞ് പാലാ ടൗണില്‍ വെള്ളം കയറി. എരുമേലി കൊരട്ടിയില്‍ ഒറ്റപ്പെട്ട കുടുംബത്തെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. മുണ്ടക്കയം കോസ്‍വേ വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട ടൗണ്‍ വെള്ളത്തിലായി. മണിമല ആറ്റില്‍ വെള്ളം ഉയര്‍ന്ന് മണിമല ടൗണ്‍ അടക്കം വെള്ളത്തിലായി. മണ്ണനാണി, വാഴൂര്‍, മണിമല റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി.