Untitled design - 1

TOPICS COVERED

അദ്ധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോമുകളും ലഭ്യമാക്കാൻ യു ഡി എഫ് സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മുന്‍മന്ത്രി വി ശിവന്‍കുട്ടി. എൽ ഡി എഫ് ഭരണകാലത്ത് അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുൻപുതന്നെ പുസ്തകങ്ങളും യൂണിഫോമുകളും കുട്ടികളുടെ കൈകളിൽ എത്തിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഈ കടുത്ത വീഴ്ച സംഭവിച്ചിരിക്കുന്നത്. സർക്കാരിന്റെ ഈ അനാസ്ഥ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികളെയാണ് വലയ്ക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'സെൻസസ്, വോട്ടർപ്പട്ടിക പുതുക്കൽ തുടങ്ങിയ ബാഹ്യ ഡ്യൂട്ടികൾക്കായി അധ്യാപകരെ സ്കൂളുകളിൽ നിന്ന് മാറ്റുമ്പോൾ പകരം അധ്യാപകരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മാസങ്ങളോളം പ്രധാന വിഷയങ്ങളിൽ ക്ലാസുകൾ നടക്കാതെ കുട്ടികളുടെ പഠനനിലവാരം കൂപ്പുകുത്തുകയാണ്.

സംസ്ഥാനത്തെ നൂറുകണക്കിന് പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ തസ്തികകൾ ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കൃത്യസമയത്ത് പ്രൊമോഷനുകളും നിയമനങ്ങളും നടത്താത്തത് കാരണം സ്കൂളുകളുടെ ഭരണവും അക്കാദമിക് ഏകോപനവും പൂർണ്ണമായും താളംതെറ്റിയിരിക്കുകയാണ്.

സ്കൂളുകൾക്ക് നാഥനില്ലാത്ത അവസ്ഥ ഉണ്ടാക്കുകയും, പഠിപ്പിക്കാൻ അധ്യാപകരെയോ പഠിക്കാൻ പുസ്തകങ്ങളോ നൽകാതിരിക്കുകയും ചെയ്ത ശേഷം ഓണപ്പരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്.  പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം'. – ശിവന്‍കുട്ടി കുറിച്ചു. 

ENGLISH SUMMARY:

The UDF government in Kerala has failed to provide essential textbooks and free uniforms to students months after the academic year began. This failure impacts economically backward students and stems from issues like teacher absenteeism and vacant administrative positions in schools.