online-taxi-drivers-strike-kerala-government-labour-commissioner-talks

AI generated image

  • സമരക്കാരുടെയും ഊബര്‍ മാനേജ്‌മെന്റിന്റെയും യോഗം തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ച്

ഒൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. ചർച്ചയ്ക്കായി ഉബർ മാനേജ്‌മെന്റിനെയും സമരസമിതി പ്രതിനിധികളെയും തൊഴിൽ വകുപ്പ് വിളിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തെ ലേബർ കമ്മീഷണറുടെ കാര്യാലയത്തിലാണ് ചർച്ച നടക്കുന്നത്.

നിരക്ക് വർധന ആവശ്യപ്പെട്ട് ഒൺലൈൻ ടാക്സി ഡ്രൈവർമാർ നടത്തിവരുന്ന സമരം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇടപെടൽ. കേരള സഫാരി, റാപ്പിഡോ തുടങ്ങിയ മറ്റ് ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകൾ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് സമരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ, ഉബർ ഇതുവരെ ചർച്ചയ്ക്ക് തയ്യാറാകാത്തതും നിഷേധാത്മക സമീപനം സ്വീകരിക്കുന്നതുമാണ് സമരം തുടരാൻ കാരണമെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ സമരം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പ്രത്യേകിച്ച് കൊച്ചി കാക്കനാട് ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രികാലങ്ങളിൽ ജോലി കഴിഞ്ഞിറങ്ങുന്ന ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലായി.

ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന ശുഭപ്രതീക്ഷയിലാണ് സമരസമിതി. എഐടിയുസി, സിഐടിയു തുടങ്ങിയ വിവിധ തൊഴിലാളി സംഘടനകളുടെ നേതാക്കൾ ചർച്ചയിൽ പങ്കെടുക്കും.

ENGLISH SUMMARY:

The Kerala government has intervened in the ongoing indefinite strike by online taxi drivers by calling both the agitating unions and Uber management for formal discussions. The high-level meeting is scheduled to take place on Monday in Thiruvananthapuram under the auspices of the Labour Commissioner. Representatives are expected to address various core demands raised by the drivers regarding fare revisions and operational working conditions. A successful resolution in this upcoming dialogue could potentially bring an end to the transport disruption affecting commuters across the region.