വീട്ടില്‍ ഒരു കവര്‍ വേസ്റ്റ് ഇരുന്നാലുള്ള ബുദ്ധിമുട്ട് നമുക്കറിയാം. അപ്പോള്‍ ഒരു മാലിന്യമല തന്നെ വീട്ടുമുറ്റത്തുണ്ടെങ്കിലോ. ഒന്‍പത് വര്‍ഷക്കാലം ഹരിതകര്‍മ്മസേനാംഗമായി മാലിന്യം ശേഖരിച്ച തിരുവനന്തപുരം കരകുളം സ്വദേശി സത്യഭാമയുടെ വീട്ടുമുറ്റത്തെ മാലിന്യകൂമ്പാരം പ്രതികാര നടപടിയുടെ ചിഹ്നമാണ്.
ഈ കാണുന്ന മാലിന്യകൂമ്പാരം സത്യഭാമ പല വീടുകളില്‍ പോയി സ്വന്തം കൈക്കൊണ്ട് ശേഖരിച്ചതാണ്. ഒന്‍പത് വര്‍ഷക്കാലം കരകുളം പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗമായിരുന്നു പ്ലാത്തറ സ്വദേശിനിയായ 73കാരി സത്യഭാമ. അന്ന് ശേഖരിച്ചുകൊണ്ടുവരുന്ന മാലിന്യം വീട്ടുമുറ്റത്ത് വച്ചാണ് തരംതിരിച്ച് ചാക്കിലാക്കി പഞ്ചായത്തിലേക്ക് കൊണ്ടുപോയിരുന്നത്. അഞ്ചുമാസം മുന്‍പ് സത്യഭാമയെ പഞ്ചായത്ത് പിരിച്ചുവിട്ടു. സ്വന്തം വസ്തു റോഡിന് വിട്ടുകൊടുക്കാത്തതിനുള്ള പ്രതികാര നടപടിയാണത്രെ.
റോഡിന്‍റെ തര്‍ക്കം കോടതി തീര്‍പ്പാക്കിയതാണ്. ശേഖരിച്ച മാലിന്യം തിരിച്ചെടുക്കാത്തതിന് പഞ്ചായത്തിന് വ്യക്തമായ ഉത്തരമില്ല.
മകനെയും മരുമകളെയും നഷ്ടപ്പെട്ട സത്യഭാമയ്ക്ക് ആകെയുണ്ടായിരുന്ന വരുമാനം മാര്‍ഗമാണ് നിലച്ചത്. നീക്കിയിരിപ്പാകട്ടെ ഈ മാലിന്യക്കൂമ്പാരവും.