Image: മനോരമ, എവി അജിത്ത്, ജെനീലിയ
മാനന്തവാടിയില്‍ രക്ഷിതാക്കള്‍ അറിയാതെ അര്‍ധരാത്രിയില്‍ 16കാരിയെ കൂട്ടിക്കൊണ്ടുപോയി ലഹരി നല്‍കിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഈ കേസില്‍ ഇന്നലെ രണ്ടു പേര്‍ കൂടി അറസ്റ്റിലായതോടെ മൊത്തം ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി ജെനീലിയ (19), കണിയാരം പാലാക്കുളി പോത്തനാട്ടിൽ എ.വി. അജിത്ത് (23) എന്നിവരാണ് ഒടുവില്‍ അറസ്റ്റിലായത്.
ഈ മാസം 12ന് അര്‍ധരാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. കുട്ടി പുറത്തുപോയ കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. രാത്രി 11ഓടെ കിടന്നുറങ്ങാന്‍ പോയ മകളെ പിന്നീട് പുലര്‍ച്ചെ ആശുപത്രിയിലാണ് മാതാപിതാക്കള്‍ കാണുന്നത്. രാത്രി ഒന്നരയോടെ ഒരു ആണ്‍കുട്ടിയാണ് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് മകള്‍ക്ക് അപകടത്തില്‍ പരുക്കേറ്റതായും മാനന്തവാടിയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പറയുന്നത്. ഉറങ്ങാന്‍ കിടന്ന മകള്‍ക്ക് എന്തു സംഭവിച്ചെന്ന് വ്യക്തത വരാത്ത മാതാപിതാക്കള്‍ കുട്ടി കിടന്ന മുറിയുള്‍പ്പെടെ പരിശോധിച്ചു. അപ്പോഴാണ് അടുക്കള വാതില്‍ തുറന്നിട്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തുകയായിരുന്നു.
കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ചായ കുടിക്കാൻ പോകാം എന്നു പറഞ്ഞാണ് പെൺ സുഹൃത്ത് പതിനാറുകാരിയെ കൂട്ടി കൊണ്ടുപോയതെന്ന വിവരം അറിയുന്നത്. ഒരു പെൺ സുഹൃത്തും രണ്ട് യുവാക്കളും ചേർന്നാണ് വീട്ടിൽ നിന്ന് കൊണ്ടു പോയതെന്ന് ആശുപത്രിയിൽ ലഹരിയുടെ മയക്കത്തിൽ നിന്ന് ഉണർന്ന ശേഷം മകൾ പറഞ്ഞതായാണ് മാതാപിതാക്കൾ പറയുന്നത്.
പിന്നീട് നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു എന്നാണ് വിവരം. തുടർന്ന് മാനന്തവാടി കണിയാരത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത മാനന്തവാടി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസിൽ അമൽ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ(22), എടവക ചാമാടിപൊയിൽ ചിറക്കൽ സി. അജിത്കുമാർ(23) എന്നിവരെ കഴിഞ്ഞ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ രണ്ടുപേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തിയത്. അപകടത്തിൽ കാലിനും മുഖത്തും സാരമായി പരുക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.