• മൂന്ന് ജില്ലകളില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട്; നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പ്; വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് ഇന്നു വ്യാപകമായി മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഒഡീഷക്കു മുകളിലെ ന്യൂനമര്‍ദം തീവ്രമായി തുടരുന്നതാണ് മഴ ശക്തമാകാന്‍ കാരണം.

അതേസമയം, വയനാട്ടില്‍ കനത്തമഴയെത്തുടര്‍ന്ന് ക്വാറികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രെക്കിങ്ങിനും വിലക്കേര്‍പ്പെടുത്തി. മുണ്ടക്കൈ, ചൂരല്‍മല, കള്ളാടി മേഖലകളില്‍ ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. ഇന്നലെ കോഴിക്കോടിന്റെ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയില്‍‍ മുത്തപ്പന്‍പുഴ ചപ്പാത്തില്‍ വെള്ളം കയറി. 150 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴ ശക്തമായതോടെ ഇരുവഞ്ഞിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായാണ് അതി തീവ്ര ന്യൂന മർദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളില്‍ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും ഇത് സഞ്ചരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഓഗസ്റ് 2 വരെ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയാണുള്ളത്. ഓഗസ്റ്റ് ഒന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40–50 വേഗതയിലും ശക്തമായ കാറ്റിനും സാധ്യത. 

ENGLISH SUMMARY:

The Meteorological Department has predicted widespread rainfall across Kerala today, issuing an orange alert for Kozhikode, Wayanad, and Kannur districts, and a yellow alert for Pathanamthitta, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, and Kasaragod, with rain warnings extending to all districts over the next two days driven by an intensified low-pressure system over Odisha. In response to heavy downpours, Wayanad authorities have banned quarries, tourist centers, and trekking, while preparing to relocate residents in Mundakkai, Chooralmala, and Kalladi if necessary, and declared a holiday for educational institutions today. Meanwhile, heavy rains in Kozhikode's hill regions flooded the Muthappanpuzha bridge, isolating around 150 families as water levels rose significantly in the Iruvazhinjippuzha river.