ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാനും പ്രമുഖ സഹകാരിയുമായ രമേശന്‍ പാലേരി (66) അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കരളിൽ അർബുദബാധയെത്തുടർന്ന് ചികിത്സ തുടരുന്നതിനിടെ കോയമ്പത്തൂരിലായിരുന്നു മരണം. മൂന്ന് പതിറ്റാണ്ടുകാലം ഊരാളുങ്കലിനെ നയിച്ച രമേശന്‍ പാലേരി മികച്ച സഹകാരിക്കുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. 1995 മുതൽ ഊരാളുങ്കൽ സൊസൈറ്റി ചെയർമാനാണ്. ഇന്ന് കോഴിക്കോട്ടും വടകരയിലും പൊതുദര്‍ശനത്തിനു വെയ്ക്കുന്ന മൃതദേഹം നാളെ രാവിലെ 11നു വടകരയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
കേരളത്തിലെ ജനകീയ കൂട്ടായ്മയുടെ കരുത്തും പെരുമയും ലോകത്തെ അറിയിച്ച സഹകാരിയാണു കാലയവനികയ്ക്കുള്ളിലേക്കു മറയുന്നത്. വാഗ്ഭടാനന്ദ ഗുരു 1925 ല്‍ വടകരയില്‍ 14 ആളുകളുമായി തുടങ്ങിയ സഹകരണ സംഘത്തെ ഇന്നു കാണുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രോക്ട് സൊസൈറ്റിയായി വളര്‍ത്തിയ ബുദ്ധികേന്ദ്രം. ഗുരുവിന്റെ പ്രസ്ഥാനം എഴുപതുകളിലേക്കു കടക്കുമ്പോഴായിരുന്നു 35കാരനായിരുന്ന രമേശന്‍ അമരത്തെത്തുന്നത്. പിന്നീടിങ്ങോട്ടുള്ള മുപ്പതു കൊല്ലം ഊരാളുങ്കലിന്റെ മാത്രമല്ല കേരള സഹകരണ മേഖലയുടെയും വിധികള്‍ മാറ്റിയെഴുതിയ കാലമായിരുന്നു.
ക്വാറിയും നിര്‍മാണ കരാറുകളുമായി ഒതുങ്ങിയിരുന്ന വെറുമൊരു തൊഴിലാളി സംഘത്തെ ഐ.ടി. ടൂറിസം,വിദ്യഭ്യാസം, അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളിലെ രാജ്യത്തെ എണ്ണം പറഞ്ഞ കമ്പനിയാക്കി വളര്‍ത്തി. നേരിട്ടു തൊഴില്‍ നല്‍കുന്നവരുടെ എണ്ണം 13500 ആയി ഉയര്‍ന്നു. 5000 കോടിയുടെ വാര്‍ഷിക വരുമാനമെന്ന സ്വപ്ന നേട്ടത്തിനു പിറകെ ഐക്യരാഷ്ട്ര സഭ മാതൃക സഹകരണസംഘമായി ആദരിച്ചു. തൊഴില്‍ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചു ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയായിരുന്നു ഈ അദ്ഭുതങ്ങളെല്ലാം രമേശന്‍ പാലേരിയും സംഘവും നേടിയെടുത്തത്.