കുറ്റിപ്പുറം ബസപകടത്തില്‍ മരിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവിനു നാടിന്റെ ആദരാഞ്ജലി. രാവിലെ എട്ടുമണിയോടെ മൃതദേഹമെത്തിച്ചപ്പോള്‍ നിരവധി പേരാണു അവസാന യാത്രാമൊഴിക്കായി പെരുവയല്‍ചെറുകുളത്തൂരിലെ വീട്ടിലേക്കെത്തിയത്. എന്തിനും ഏതിനും മുന്നിലുണ്ടായിരുന്ന ഒരാളെ നഷ്ടമായ വേദനയിലാണ് വൈഷ്ണവിന്റെഗ്രാമം.
താമസിച്ചു കൊതിതീരാത്ത അടച്ചുറപ്പുള്ള സ്വപ്നകൂടിനു മുന്നില്‍ വൈഷണവ് അവസാന യാത്രക്കായി ഒരുങ്ങിയിരുന്നു. ആയാസകാലത്ത് താങ്ങാവേണ്ടിയിരുന്ന മകനെ നഷ്ടമായ അമ്മയുടെ നെഞ്ചുപൊട്ടുന്ന വിലാപത്തിനൊപ്പം കരയുകയാണു ചെറുകുളമെന്ന ഗ്രാമവും .എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്ന ഉത്സാഹിയായ യുവാവിനെ കുറിച്ചാണു നാട്ടുകാരുടെ ഓര്‍മകള്‍ മുഴുവന്‍. ടൈല്‍സ് ജോലിയില്‍ ജീവിതഭാരം ഇറക്കിവെയ്ക്കുമ്പോഴും സ്ഥിരം ജോലിക്കായുള്ള അന്വേഷണമായിരുന്നു ൈവഷ്ണവിന്റേത്. ദേവസ്വം ബോര്‍ഡിന്റെ പരീക്ഷക്കായുള്ള യാത്രയിലാണ് ബസപകട രൂപത്തില്‍ ദുരന്തമെത്തിയത്.
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെ കോഴിക്കോട്ടെത്തിച്ച മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രി വൈകിയാണു മാതാപിതാക്കളെ ദുരന്തവാര്‍ത്ത അറിയിച്ചത്. അപകടത്തില്‍ പരുക്കേറ്റ സഹോദരനെ വീട്ടിലെത്തിച്ചായിരുന്നു ഇത്. മൂന്നുമാസം മുന്‍പാണ് വൈഷ്ണവും സഹോദരനും കൂടി പണിത പുതിയ വീട്ടിലേക്കു കുടുംബം താമസം മാറിയത്.