kozhikode

TOPICS COVERED

അധ്യാപനം എന്നാൽ വെറും പാഠപുസ്തകങ്ങൾ പഠിപ്പിക്കൽ മാത്രമല്ല, ജീവിതത്തിലേക്കുള്ള തണലൊരുക്കൽ കൂടിയാണെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം അധ്യാപകർ. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച രണ്ട് പെൺകുഞ്ഞുങ്ങൾക്കും അവരുടെ കുടുംബത്തിനും സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഈ അധ്യാപകർ. കോഴിക്കോട് മേയർ ഒ. സദാശിവൻ ആണ് വീടിന്റെ താക്കോൽ കൈമാറിയത്.

 

ആയിഷ ഹുദയും ഫിദ ഫാത്തിമയും നടന്നു കയറിയത് അവരുടെ സ്വപ്നമായ സ്നേഹ തണലിലേക്കാണ്...മസ്കുലർ ഡിസ്ട്രോഫി എന്ന മാരകരോഗം ഇവരെ തളർത്തിയപ്പോഴും സ്വന്തമായി വീടെന്നത് സ്വപ്‌നമായി തന്നെ അവശേഷിച്ചു. പാളയത്തെ പച്ചക്കറിക്കടയിലെ തൊഴിലാളിയായ അച്ഛൻ ഫിറോസിനും അമ്മ നസീറയ്ക്കും തെറപ്പി അടക്കമുള്ള മക്കളുടെ ചികിത്സയും ജീവിത ചെലവും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. വാടകവീടുകൾ മാറിമാറി താമസിച്ച് അലഞ്ഞ കുടുംബം. ഒടുവിൽ കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അധ്യാപകരും സ്പെഷൽ എജുക്കേറ്റർമാരും കൈകോർത്തു.

 

ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പിൽ വാങ്ങിയ നാലു സെന്റ് സ്ഥലത്താണ് ഇവർക്കുള്ള സ്വപ്നഭവനം ഉയർന്നത്. മീഞ്ചന്ത ഗവ.വി.എച്ച് എസ് എസ് സ്കൂളിലെയും ബേപ്പൂർ സ്കൂളിലെയും സഹപാഠികളും അധ്യാപകരും ചേർന്നാണ് പണം സ്വരൂപിച്ചത്. നാട്ടുകാരും വ്യാപാരികളും ഒപ്പം നിന്നതോടെ സ്വപ്ന ഭവനം വേഗത്തിൽ യാഥാർഥ്യമായി..

ENGLISH SUMMARY:

Teachers in Kozhikode have proven that teaching is more than just textbook lessons; it's about building lives. These educators have made the dream of owning a home a reality for two young girls with muscular dystrophy and their families.