പകർന്നാടിയ വേഷങ്ങൾ ഒന്നിനൊന്ന് മികവാർന്നത്. ശബ്‌ദം നൽകി ജീവസുറ്റ കഥാപാത്രങ്ങളാക്കിയത് ആയിരത്തിലേറെ. ആ തുടിപ്പിന്‍റെ വേഗത കുറഞ്ഞ്, കുറഞ്ഞ് ഓർമകൾ അവശേഷിപ്പിച്ച് യാത്ര പറയുകയാണ് പനവിളയുടെ സ്വന്തം മുരുകൻ. നീറ്റലേറുമ്പോഴും ആറുപേർക്ക് ജീവന്‍റെ തുടിപ്പേറ്റിക്കൊണ്ട്. അരങ്ങിലും അണിയറയിലും വേഷപ്പകർച്ചയും നിരവധി കഥാപാത്രങ്ങളുടെ ശബ്‌ദമായും മാറിയ കലാകാരൻ ഇനി ആറുപേരിലൂടെ ജീവിക്കും.
നാട്ടിൽ നിന്ന് തുടങ്ങിയ കലാജീവിതം. ആ ജീവിതത്തില്‍ സിനിമയും സീരിയലും നാടകവുമെല്ലാം മുരുകന് ജീവശ്വാസമായി. നാടകത്തിനോടുള്ള സ്‌നേഹം നിറച്ച് പുതു കഥാപാത്രമാവാനുള്ള ഭാവമാറ്റത്തിനിടെ വേഷം അഴിച്ച് വച്ച് മടങ്ങാൻ പറഞ്ഞു. കലാകാരൻ അനുസരിച്ചു. എന്നും ചേർത്തുപിടിക്കുന്ന ശീലം മാത്രമുള്ള മുരുകൻ യാത്രയിലും ചിറകറ്റവർക്ക് കരുതലായി. അവരിലൂടെ മുരുകൻ ജീവിക്കും.
വടകരയിലെ നാടക പരിശീലനത്തിനിടെയാണ് മുരുകൻ കുഴഞ്ഞുവീണത്. മടങ്ങിവരവിനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ വേദനയ്ക്കിടയിലും ബന്ധുക്കൾ അവയവദാനത്തിന് തയാറായി. കലാകാരന് നാടിനോടും സമൂഹത്തിനോടും ഉത്തരവാദിത്തമുണ്ടെന്ന് യാത്ര പറച്ചിലിലും ഓർമപ്പെടുത്തി മുരുകൻ നന്മയുടെ പ്രതീകമാവുകയാണ്.