corro-health-protest

TOPICS COVERED

കോഴിക്കോട്, കൊച്ചി ഓഫിസുകളിലെ എണ്ണൂറോളം ജീവനക്കാരെ ഒറ്റയടിക്കു പിരിച്ചുവിട്ടതോടെയാണ് കോറോഹെല്‍ത്ത് എന്ന സ്ഥാപനം വാര്‍ത്തകളില്‍ നിറഞ്ഞത്.  കോറോഹെല്‍ത്ത് ഒരു അമേരിക്കന്‍ കമ്പനിയാണ്. മെഡിക്കല്‍ കോഡിങ്ങാണ് ജോലി. കൊച്ചിയിലും കോഴിക്കോടുമായി എണ്ണൂറോളം ജീവനക്കാരുണ്ടായിരുന്നു. ഒരു ദിവസം രാവിലെ ജോലിക്കെത്തിയവരോട് മൈക്കിലൂടെ നാളെ മുതല്‍ നിങ്ങള്‍ക്ക് ജോലിയില്ലെന്ന് അറിയിക്കുകയായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത പിരിച്ചുവിടല്‍. നഷ്ടപരിഹാരമായി രണ്ടുമാസത്തെ ശമ്പളം അക്കൗണ്ടിലിട്ടു നല്‍കുകയും ചെയ്തു. തൊഴിലാളി അവകാശങ്ങളെയും സമരത്തെയും കുറിച്ച് വലിയ ധാരണയൊന്നുമില്ലാതിരുന്നെങ്കിലും അവര്‍ പക്ഷേ അങ്ങനെ കിട്ടിയതു വാങ്ങി പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. അവര്‍ പ്രതിഷേധിച്ചു. പിരിച്ചുവിടല്‍ അറിയിക്കാന്‍ വന്ന മാനേജ്മെന്‍റ് പ്രതിനിധികളെ തടഞ്ഞുവച്ചു. മാധ്യമങ്ങളെ അറിയിച്ചു. പിരിച്ചുവിടല്‍ വാര്‍ത്തയായതോടെ യുവജനസംഘടനകളും ട്രേഡ് യൂണിയനുകളും പിന്തുണയുമായെത്തി. സര്‍ക്കാര്‍ ഇടപെട്ടു. 

കോറോഹെല്‍ത്തിലെ ജീവനക്കാര്‍ നടത്തിയ സമരം വിജയിച്ചോ? നഷ്ടപരിഹാരത്തുക കൂട്ടിക്കിട്ടിയതിനപ്പുറം എന്താണ് ഈ സമരം കൊണ്ടുണ്ടായ നേട്ടം? 

ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കമ്പനി ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ഉറച്ചുനിന്നു. എന്നും രാവിലെ ഓഫീസിന് മുന്നിലെത്തി, അകത്തേക്കുകയറ്റാതായപ്പോള്‍ പ്രതിഷേധിച്ചു. യുവജനസംഘടനകളും ട്രേഡ് യൂണിയനുകളും കൊടിയുടെ നിറം നോക്കാതെ അവര്‍ക്കായി ഒരുമിച്ചുനിന്നു. സര്‍ക്കാരും കമ്പനിയോട് കടുപ്പിച്ചു.

ഒടുവില്‍ ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച നടത്താന്‍ കമ്പനി തയ്യാറായി. പണ്ടത്തെ പോലെയല്ല, എ.ഐ വന്നതോടെ മെഡിക്കല്‍ കോഡിങ് രംഗത്ത് വലിയ വെല്ലുവിളിയാണ്. ബുദ്ധിമുട്ടുണ്ട്– കേരളത്തിലെ പ്രവര്‍ത്തനം തുടരാനാവാത്ത സ്ഥിതിയാണെന്ന് കമ്പനി അറിയിച്ചു. ഒടുവില്‍ കേരളത്തിലെ ജീവനക്കാരെ പിരിച്ചുവിട്ട് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം സര്‍ക്കാരും ജീവനക്കാരും അംഗീകരിച്ചു. 

സമരം കൊണ്ട് എന്തു നേടി? 

രണ്ടുമാസത്തെ ശമ്പളമായിരുന്നു കമ്പനി നല്‍കിയ നഷ്ടപരിഹാരം. അത് തിരുത്തി അഞ്ചുമാസത്തെ ശമ്പളം കൂടി നല്‍കാന്‍ കമ്പനി സമ്മതിച്ചത് ജീവനക്കാര്‍ പിടിച്ചുനിന്നു നടത്തിയ സമരം കൊണ്ടുമാത്രമാണ്. അങ്ങനെ ഏഴുമാസത്തെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലെത്തി. പിരിച്ചുവിടല്‍ നോട്ടീസ് കിട്ടിയപ്പോള്‍ മിണ്ടാതെ പോയിരുന്നെങ്കിലോ. പ്രതീക്ഷകളില്ലെങ്കിലും സമരരംഗത്ത് തുടര്‍ന്നപ്പോള്‍ പലരും അവരെ ഉപദേശിച്ചിരുന്നു– അമേരിക്കന്‍ കമ്പനിയാണ്, അവര്‍ക്ക് ഇവിടെ എണ്ണൂറു ജീവനക്കാര്‍ നടത്തുന്ന സമരം ഒന്നുമല്ല, നിങ്ങള്‍ കിട്ടിയ സമയത്തിന് വേറെ ജോലി നോക്കൂ, അങ്ങനെയങ്ങനെ. പക്ഷേ ജീവനക്കാര്‍ വിട്ടില്ല. ഒടുവില്‍ ഏഴുമാസത്തെ ശമ്പളത്തിനു പുറമെ പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റും വിടുതല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നും കമ്പനി സമ്മതിച്ചു. പക്ഷേ തുടര്‍ നടപടികളില്‍ നിന്ന് ജീവനക്കാര്‍ പിന്‍മാറണം.

പിരിച്ചുവിടല്‍ അംഗീകരിച്ചതും അതിനെതിരായ നിയമ– സമര നടപടികള്‍ കരാര്‍ മുഖേന അവസാനിപ്പിക്കേണ്ടി വന്നതും സമരത്തിന് ക്ഷീണമായി. അഞ്ചുമാസത്തെ ശമ്പളം അധികമായി കിട്ടിയതും നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍  കമ്പനിക്ക് നല്‍കേണ്ടി വന്നതും നേട്ടവും.

തൊഴിലാളി സമരങ്ങള്‍ നിരവധി കണ്ട നാടാണ് കേരളം. ഒരു ഘട്ടത്തില്‍ വ്യവസായത്തെ പോലും ബാധിക്കുന്ന തരത്തില്‍ പോലും. എന്നാല്‍ അന്നത്തെ വ്യവസായമോ ലോക ക്രമമോ അല്ല ഇന്ന്. തോഴിലിന് ഉറപ്പില്ലാത്ത കാലം. ആ കാലത്തും ഒരു സമരം ഭാഗികമായെങ്കിലും വിജയിപ്പിച്ചെടുക്കാനായി എന്നതാണ് കോറോ ഹെല്‍ത്തിലെ ജീവനക്കാരുടെ നേട്ടം. മാത്രമല്ല, പുതിയ ലേബര്‍ കോഡ്, എ.ഐ ഉയര്‍ത്തുന്ന ഭീഷണികള്‍, ജോലിയിലെ അസ്ഥിരത തുടങ്ങിയ കാര്യങ്ങളില്‍ പൊതുസമൂഹം കൂടുതല്‍ ബോധവല്‍ക്കരിക്കപ്പെട്ടതും കോറോഹെല്‍ത്ത് സമരത്തിന്‍റെ ബാക്കിപത്രമാണ്. എന്നാല്‍ നിക്ഷേപരംഗത്ത് കോറോഹെല്‍ത്ത് സംഭവം നല്‍കുന്ന സന്ദേശം സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യവും ബാക്കിയാണ്. 

ENGLISH SUMMARY:

US-based medical coding firm CorroHealth unexpectedly terminated nearly 800 employees at its Kochi and Kozhikode offices, offering just two months' salary as compensation. Refusing to leave quietly, the employees launched a united protest supported by trade unions, youth organizations, and government intervention. Faced with AI integration and operational challenges, the company ultimately decided to cease operations in Kerala, which the government and employees accepted. However, the workers' relentless resistance forced CorroHealth to grant a total of seven months' salary as compensation alongside experience and relief certificates.