ലങ്കയില്‍ നിന്നെത്തിച്ച് അനന്തപുരിക്കാര്‍ക്ക് തണലൊരുക്കിയ റബര്‍ മര മുത്തശ്ശിക്ക് ആയുര്‍വേദ ചികില്‍സ. നിരവധി സ‍ഞ്ചാരികള്‍ക്ക് തണലൊരുക്കുന്ന തിരുവനന്തപുരം മ്യൂസിയം വളപ്പിലെ മരത്തിനാണ് ക്ഷീണം. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള മരത്തിന് റബര്‍ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ വിദഗ്ധ ചികില്‍സ നല്‍കും.  

കുരുവികള്‍ കൂടൊരുക്കാനിടം നല്‍കിയ, പക്ഷികള്‍ക്കും മനുഷ്യര്‍ക്കും തണലൊരുക്കിയ, വിശപ്പേറിയപ്പോള്‍ ചക്കവിഭവങ്ങളായി രുചിപകര്‍ന്ന പ്ലാവ് മുത്തശ്ശിക്ക് നല്‍കിയ ആയുര്‍വേദ ചികില്‍സ. അല്‍പ്പം പഴക്കമുണ്ടെങ്കിലും സമാനമായൊരു ചികില്‍സയ്ക്ക് മ്യൂസിയം വളപ്പില്‍ വഴിതെളിയുകയാണ്. നൂറിലേറെ വര്‍ഷം പഴക്കമുള്ള, വേരിലും ഉടലിലും പച്ചപ്പ് നിറഞ്ഞ് അപൂര്‍വമായി നിലകൊള്ളുന്ന റബര്‍ മരം. ദിവസേന നിരവധി സ‍ഞ്ചാരികളെത്തുന്ന ഇടത്ത് ഇത് റബറാണോയെന്ന് സംശയിച്ചവര്‍ ഏറെ. തിരുവിതാംകൂര്‍ രാജഭരണ കാലത്ത് ശ്രീലങ്കയില്‍ നിന്നും തലസ്ഥാനത്ത് എത്തിച്ച് നട്ട് നനച്ച് പരിപാലിച്ച് തണലൊരുക്കിയ മരം. വേരിലൂടെ ശ്വാസമെടുക്കാനുള്ള ശ്രമം ചിതല്‍പ്പുറ്റുകള്‍ തടസപ്പെടുത്തിയപ്പോള്‍ ക്ഷീണമായി. വീഴ്ചയുണ്ടാവും മുന്‍പ് താങ്ങുമെന്ന് ഉറപ്പിക്കുകയാണ് റബര്‍ ബോര്‍‍ഡ്. 

വിദദ്ധ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചികില്‍സ തുടങ്ങും. അപകടഭീഷണി ഉയര്‍ത്തുന്ന മരമാണെങ്കില്‍ വെട്ടിക്കളയണമെന്ന് അഭിപ്രായം പറഞ്ഞവരോട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള വഴികളില്‍ നിരവധി ചര്‍ച്ചയ്ക്കും ആസൂത്രണത്തിനും കരുതലായിരുന്ന മരത്തെ അത്ര വേഗത്തില്‍ മഴുവേല്‍പ്പിക്കാനാവുമോ. അങ്ങനെ വേഗം കൈയൊഴിഞ്ഞാല്‍ പഴക്കത്തിന് പകരമായി മറ്റൊന്നിനെ നമുക്ക് കണ്ടെത്താനാവില്ലല്ലോ. ചികില്‍സയിലൂടെ കുറച്ച് കാലം കൂടിയെങ്കിലും റബര്‍ മുത്തശ്ശി പാലല്ല സ്നേഹത്തണലൊരുക്കട്ടെ. 

The ancient rubber tree at the Thiruvananthapuram Museum, which has provided shade for many visitors and birds, is now receiving Ayurvedic treatment.: