കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്‍റെ ആത്മഹത്യാ കേസിലെ പ്രതി ഡോ. റാമിന്‍റെ അറസ്റ്റ് വിവാദത്തിൽ സംസ്ഥാന പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഡോ. റാമിനെ വിട്ടയക്കുന്ന സാഹചര്യമുണ്ടായതിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഡാലോചന നടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ഇല്ലെങ്കിൽ ഇടപെടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി
പാവപ്പെട്ടവരെ ഉപദ്രവിക്കാനും, പണക്കാരെ രക്ഷിക്കാനുമാണോ പൊലീസ് പ്രവർത്തിക്കുന്നതെന്ന ചോദ്യവുമായാണ് ജസ്റ്റിസ് എ.ബദറുദീന്‍റെ വിമർശനം. 'പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നതുപോലെ പരമദയനീയമാണ് സംസ്ഥാനത്തെ നിലവിലെ സ്ഥിതി. പ്രതിയുടെ കൂടെ ഫുഡ് അടിച്ച് നടന്ന പൊലീസ്, അയാൾ കീഴടങ്ങാൻ വരുമ്പോൾ അറസ്റ്റ് നാടകം നടത്തി. നടപടിക്രമങ്ങൾ പാലിക്കാതെ പ്രതിക്ക് പുറത്തിറങ്ങാൻ പഴുതിടുകയാണ് ചെയ്തത്. കഴിഞ്ഞ 15 വർഷത്തെ ഭരണത്തിനിടയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടോ? പൊലീസിന്‍റെ ഭരണസംവിധാനം പൂർണമായും കുത്തഴിഞ്ഞു കിടക്കുകയാണ്'. ഇങ്ങനെ പോകുന്നു കോടതിയുടെ വിമർശനം.
ഡോ. റാമിനെ വിട്ടയയ്ക്കാനുണ്ടായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗൂഡാലോചന നടന്നിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട എല്ലാവരുടേയും ഫോൺ വിളികൾ അടക്കം പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇല്ലെങ്കിൽ കോടതി ഇടപെടും. കുറ്റക്കാരനായ ഡിവൈഎസ്പിക്ക് ഈ പദവിയിൽ തുടരാൻ അർഹതയില്ല. ആ ഉദ്യോഗസ്ഥനെതിരെ കശനമായ നടപടിയുണ്ടാകണം. വീഴ്ച വരുത്തിയ ശേഷം അന്വേഷണ സംഘത്തെ മാറ്റി തലയൂരാനാണ് പൊലീസ് ശ്രമിക്കുന്നത്.
ലോൺ ആപ്പിലെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാലാണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്ന പൊലീസിന്‍റെ വാദം ആരെങ്കിലും വിശ്വസിക്കുമോ? പൊലീസ് ആരുടെ കൂടെയാണെന്ന് എല്ലാവർക്കും ബോധ്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു. നടപടിക്രമങ്ങൾ പാലിച്ചാണോ പ്രതിയെ അറസ്റ്റ് ചെയ്തതെന്നതിൽ സർക്കാർ വിശദീകരണം നൽകണം. പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയപ്പോൾ എന്തൊക്കെ രേഖകളും വിവരങ്ങളുമാണ് സമർപ്പിച്ചതെന്ന് മജിസ്ട്രേറ്റ് കോടതിയും വെള്ളിയാഴ്ച അറിയിക്കണം. അറസ്റ്റ് നടപടിക്രമങ്ങളിലെ പൊലീസ് വീഴ്ച്ച കടുത്ത അശ്രദ്ധയുടെ ഫലമെന്നാണ് നിതിൻ രാജിന്‍റെ കുടുംബം കോടതിയിൽ വാദിച്ചത്.