മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊലക്കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് പ്രതികളുടെ ആവശ്യം കോടതി തള്ളി. പുതുതായി ചുമത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹാജരാകാതിരുന്നത്.
അഭിമന്യു കൊലക്കേസിൽ പുതിയതായി ചുമത്തിയ കുറ്റം വായിച്ച് കേൾപ്പിക്കുമ്പോൾ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു 16 പ്രതികളുടെയും ആവശ്യം. കോടതി പറഞ്ഞിട്ടല്ല പുതിയ കുറ്റം ചുമത്തിയതെന്ന് പ്രതികൾ വാദിച്ചു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടപടി. പല ജില്ലകളിലായുള്ള പ്രതികൾക്ക് ഈയൊരു ആവശ്യത്തിന് വേണ്ടി മാത്രം കോടതിയിൽ വരേണ്ടതുണ്ട്.
കോടതിയിലേക്ക് വരുമ്പോൾ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നു എന്നിവയായിരുന്നു നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ പ്രതികൾ നിരത്തിയ വാദം. എന്നാൽ ഈ വാദത്തെ പ്രോസിക്യൂഷനും അഭിമന്യുവിന്‍റെ കുടുംബവും ശക്തമായി എതിർത്തു. പ്രതികൾ നിരത്തുന്ന കാരണങ്ങൾ കൊണ്ട് മാത്രം നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി നൽകാൻ ആകില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
വിചാരണ സമയത്ത് എന്തായാലും പ്രതികൾ ഹാജരാകേണ്ടിവരും. പല ദിവസവും പ്രതികൾ എത്തുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ, 8 വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിലെത്തിയതെന്ന് അഭിമന്യുവിൻ്റെ കുടുംബം ചൂണ്ടിക്കാട്ടി. പ്രതികൾ പ്രത്യേകമായ ചില അധികാരങൾ എടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അഭിമന്യുവിൻ്റെ കുടുംബം വാദിച്ചു. തുടർന്നാണ് നേരിട്ട് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയത്. അടുത്ത തവണ കേസ് പരിഗണിക്കുന്ന വ്യാഴാഴ്ച നേരിട്ട് ഹാജരാകണം എന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദ്ദേശം.