‘കള്ളന്‍ വിജയന്‍’ തലക്കെട്ടിന്റെ പേരില്‍ ദേശാഭിമാനി മുക്കിയ ലേഖനം സമൂഹമാധ്യമത്തില്‍. ദേശാഭിമാനി വാരാന്തപതിപ്പിനായി ലേഖനം എഴുതിയ മാധ്യമപ്രവർത്തകൻ ടി.സി.രാജേഷ് തന്നെയാണ് ലേഖനം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തലക്കെട്ടിലുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് രാജേഷ് ഈ ലേഖനം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങനെയൊരു ലേഖനം ഇല്ലെന്നായിരുന്നു എം.സ്വരാജ് അടക്കമുള്ളവരുടെ വാദം.
വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക ഓർമ്മക്കുറിപ്പുകളോടെ അച്ചടിച്ച ജൂലൈ 19 ലെ ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. പത്രത്തിന്റെ ഒന്നാം പേജിൽ വി.എസ്. അനുസ്മരണവും, പിൻപേജിൽ വലിയ അക്ഷരത്തിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നതിനെച്ചൊല്ലി എഡിറ്റോറിയൽ ബോർഡിന് ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളും ട്രോളന്മാരും ഇത് ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന്, 20-ാം തീയതി പതിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും ലേഖനം പൂർണമായി ഒഴിവാക്കുകയാണുണ്ടായത്.
തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി.സി. രാജേഷ് തയ്യാറാക്കിയ റിപ്പോർട്ട്. നാടകവേദിയിലെ 'കള്ളൻ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയന് 'കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ' എന്ന മേൽവിലാസത്തിൽ കത്തുകൾ പോലും കൃത്യമായി ലഭിക്കാറുണ്ടെന്ന രസകരമായ പശ്ചാത്തലത്തിലാണ് ലേഖനത്തിന് ഈ തലക്കെട്ട് നൽകിയത്. എന്നാൽ തലക്കെട്ടിലുണ്ടായ അപാകതയിൽ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.