ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനത്തേക്ക് സംവിധായകൻ ബ്ലെസിയെയും സജീവമായി പരിഗണിച്ച് സർക്കാർ. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് ബ്ലെസി. നടനും സംവിധായകനുമായ ജോയ് മാത്യു, സംവിധായകൻ സത്യന്‍ അന്തിക്കാട് എന്നിവരുടെ പേരുകളും സജീവ പരിഗണനയിലാണ്. ചെയർമാനെ നിയമിക്കാനുള്ള അന്തിമ നടപടികളിലേക്ക് സാംസ്കാരിക വകുപ്പ് കടന്നു.
സിനിമാരംഗത്ത് തുടർച്ചയായി പ്രവർത്തിക്കുകയും പുരസ്കാര പരിഗണനയ്ക്ക് സാധ്യതയുള്ള ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്യുന്ന താരങ്ങളെയും സംവിധായകരെയും പദവികളിലേക്ക് കൊണ്ടുവന്നാൽ അവരുടെ സിനിമകൾ പിന്നീട് പരിഗണിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ അനുഭാവവും പരിഗണനയിലെ ഘടകമാണ്. നിയമനത്തിൽ മാസാവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
റസൂൽ പൂക്കുട്ടി സ്ഥാനം ഒഴിഞ്ഞതോടെ ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള രാജ്യാന്തര മേളകളുടെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കാൻ പുതിയൊരു ചെയർമാനെ എത്രയും വേഗം കണ്ടെത്തേണ്ടത് സർക്കാരിനും അനിവാര്യമാണ്. തീരുമാനം വൈകാതെ തന്നെയുണ്ടാകുമെന്നാണ് സാംസ്കാരിക വകുപ്പിൽ നിന്നുള്ള സൂചനകൾ. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ എല്ലാ വർഷവും സജീവമായി പങ്കെടുക്കാറുള്ള പി.സി.വിഷ്ണുനാഥാണ് പുതിയ മന്ത്രിസഭയിൽ ടൂറിസം, സാംസ്കാരികം, സിനിമ തുടങ്ങിയവയുടെ ചുമതലയുള്ള മന്ത്രി.