അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ നിതിൻ രാജിന്‍റെ ആത്മഹത്യാ കേസിൽ ക്രൈം ബ്രാഞ്ചിന്‍റേത് ഗുരുതരവീഴ്ച. അറസ്റ്റ് എന്തിനാണെന്ന് പ്രതി ഡോക്ടർ എം.കെ റാമിനെ ബോധ്യപ്പെടുത്താതെയായിരുന്നു അറസ്റ്റ്. കോടതി വിട്ടയച്ച റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങി. അതിനിടെ നിതിന്‍ രാജിന്‍റെ ആത്മഹത്യ അന്വേഷിക്കാന്‍ പുതിയ ടീമിനെ ചുമതലപ്പെടുത്തി. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍ നയിക്കുന്ന ടീമില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഐ.ജി അജിത ബീഗം മേല്‍നോട്ടം വഹിക്കും. 

അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്ന് വ്യക്തമാക്കുന്ന ഗ്രൗണ്ട് ഓഫ് അറസ്റ്റിലാണ് ക്രൈംബ്രാഞ്ച് സംഘത്തിന് വീഴ്ച പറ്റിയത്. പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ ഗ്രൗണ്ട് ഓഫ് അറസ്റ്റ് വ്യക്തമാക്കിയിരിക്കണം എന്നാണ് മുൻ കേസുകളിലെ സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയ ഗ്രൗണ്ട് ഓഫ് അറസ്റ്റിൽ മലയാളത്തിലായിരുന്നു വിവരങ്ങൾ. ഈ സാങ്കേതിക ലൂപ്പ് ഹോൾ ഉപയോഗിച്ചാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അറസ്റ്റിനെതിരെ വാദിച്ചത്. 

സംഭവത്തിൽ വലിയ നാണക്കേടിൽ ആയ ക്രൈംബ്രാഞ്ച് ഡോക്ടർ റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് കടന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ റീ അറസ്റ്റ് സാധ്യമാകൂ. ഇതിനായി അപേക്ഷ നൽകി. ക്രൈംബ്രാഞ്ചിന്‍റെ വീഴ്ചയിൽ ഉത്തര മേഖല ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു എന്നും വീഴ്ച പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ക്രൈം ബ്രാഞ്ചിനെതിരെ നിതിൻ രാജിന്‍റെ കുടുംബം രംഗത്തുവന്നു. ക്രൈംബ്രാഞ്ച് പ്രതിയെ സഹായിക്കുന്നുവെന്നും റാമിനെ പിടിച്ചത് കോടതി വിമർശിച്ചത് കൊണ്ട് മാത്രമാണ് സഹോദരി രാഖി പറഞ്ഞു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം അറിയിച്ച പശ്ചാത്തലത്തിൽ ആഭ്യന്തരവകുപ്പ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിൽ പ്രതീക്ഷയിലാണ് കുടുംബം.

ENGLISH SUMMARY:

The Nithin Raj suicide case investigation is facing severe criticism due to alleged negligence by the Crime Branch. This critical lapse allowed the accused doctor to be released by the court, prompting the Crime Branch to initiate steps for a re-arrest and form a new investigation team to ensure justice.