Untitled design - 1

TOPICS COVERED

രാജ്യത്തിന്റെ ചരിത്രത്തിൽ ഇന്നോളം കാണാത്ത വലിയ വിദ്യാർത്ഥി പ്രക്ഷോഭത്തിനാണ് ഇന്ന് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് ഇടത് എംപി എഎ റഹിം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവിയും സ്വപ്നങ്ങളും തുലാസിലാക്കിയ 'നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി' രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തിവന്ന സമാധാനപരമായ സമരങ്ങളെയാണ് കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി അടിച്ചമർത്താൻ ശ്രമിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

​'വിവിധ സംസ്ഥാനങ്ങളിൽ നിന്നും നീതിക്കുവേണ്ടി ഡൽഹിയിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാർത്ഥികളെയാണ് ഇന്ന് പോലീസിനെ ഉപയോഗിച്ച് ഭരണകൂടം ക്രൂരമായി തല്ലിച്ചതച്ചത്. ഏറെ ദിവസങ്ങളായി സമാധാനപരമായി സത്യാഗ്രഹത്തിന്റെ പാതയിൽ നടന്നുവന്നിരുന്ന സമരങ്ങളെ മുഖവിലയ്ക്കെടുക്കാനോ, പ്രക്ഷോഭകാരികളുമായി ചർച്ചയ്ക്ക് തയ്യാറാകാനോ കേന്ദ്രസർക്കാർ സന്നദ്ധമായിരുന്നില്ല. ജനാധിപത്യ രാജ്യം പടിപടിയായി ഏകാധിപത്യത്തിലേക്ക് വഴിമാറുന്നു എന്നതിന്റെ കൃത്യമായ ദിശാസൂചനയാണ് ഇന്നത്തെ കേന്ദ്രസർക്കാരിന്റെയും പോലീസിന്റെയും കാടത്തം നിറഞ്ഞ നടപടികൾ വ്യക്തമാക്കുന്നത്.

​ഏതൊക്കെ വിദ്യാർത്ഥികൾ എവിടെയൊക്കെ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നോ, ആർക്കൊക്കെയാണ് ഗുരുതരമായി പോലീസ് മർദ്ദനമേറ്റതെന്നോ, ആരൊക്കെയാണ് ഇപ്പോൾ തടവിലുള്ളതെന്നോ വ്യക്തമല്ലാത്ത ഒരു ഭീതിജനകമായ സാഹചര്യമാണ് നിലവിൽ ഡൽഹിയിൽ ഉള്ളത്. രാജ്യത്ത് ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു എന്ന് സംശയിച്ചാലും തെറ്റ് പറയാനാകില്ല. പോലീസിന്റെ പല നടപടികളും അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

​എന്നാൽ ഇത്തരം കിരാതമായ അടിച്ചമർത്തലുകൾ കൊണ്ട് ഈ മഹാപ്രക്ഷോഭത്തെ ഇല്ലാതാക്കാമെന്ന് കേന്ദ്രസർക്കാർ ധരിക്കേണ്ടതില്ല. ജനാധിപത്യവിരുദ്ധതയ്ക്കെതിരെ പോരാടി വിജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത് എന്ന് കേന്ദ്ര സർക്കാരിനെ  ഓർമ്മിപ്പിക്കുന്നു. '– എഎ റഹിം വ്യക്തമാക്കി. 

ENGLISH SUMMARY:

NEET exam scam protests in Delhi were met with a brutal crackdown by the government, according to MP A.A. Rahim. He described the situation as a sign of the country moving towards authoritarianism, with students facing police violence and unclear arrests.