മുഖ്യമന്ത്രിയെ തീരുമാനിച്ച രീതിയില്‍ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് നിയമനത്തില്‍ അഭിപ്രായം തേടാന്‍ ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ എ.ഐ.സി.സി നേതൃത്വവുമായി നാളെ ഡല്‍ഹിയില്‍ നടത്തുന്ന കൂടിക്കാഴ്ചയിലും വിഷയം ചര്‍ച്ചയാകും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നു അവകാശികള്‍ ഉയര്‍ന്നപ്പോള്‍ നേതാക്കളെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടാണ് ഹൈക്കമാന്‍ഡ് ഒറ്റപേരിലേക്ക് എത്തിയത്. കെ.പി.സി.സി അധ്യക്ഷന്‍ അവകാശവാദം ഉന്നയിച്ച് മുന്‍നിരയില്‍ നില്‍ക്കുന്നത് ആറ് പേരാണ്. മനസില്‍ ആഗ്രഹവുമായി ചില മുതിര്‍ന്ന നേതാക്കളും പിന്നണിയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതാക്കളെ ഓരോന്നായി കണ്ട് കെ.പി.സി.സി അധ്യക്ഷനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി നാളെ ഡല്‍ഹിയിലുള്ള വി.ഡി. സതീശന്‍ എ.ഐ.സി.സി നേതൃത്വത്തെ കാണുമ്പോള്‍ ഇക്കാര്യവും ചര്‍ച്ചയില്‍ ഉയരും. ബെന്നി ബഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്‍റോ ആന്‍റണി ഉള്‍പ്പെടെ എംപിമാരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ജോസഫ് വാഴക്കനുമാണ് പദവിക്കായി മുന്‍നിരയിലുള്ളത്. അടുര്‍ പ്രകാശ്, കെ.സി.ജോസഫ്, എം.എം.ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അധ്യക്ഷ പദവി ആഗ്രഹിക്കുന്നവരാണ്.
സര്‍ക്കാരുമായി യോജിച്ചുപോകുന്ന ആള്‍ പ്രസിഡന്‍റാകണമെന്ന അഭിപ്രായമാണ് സതീശന്‍ പക്ഷത്തുള്ളവര്‍ക്കുള്ളത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അധ്യക്ഷനായിരുന്ന വി.എം. സുധീരന്‍ സര്‍ക്കാരിനെ നിലകൊണ്ടതുമൂലമുണ്ടായ ദോഷം ഇവര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.