ദേശാഭിമാനിയില്‍ കള്ളന്‍ വിജയന്‍റെ ലേഖനമില്ലെന്ന എം.സ്വരാജിന്‍റെ വാദം തള്ളി ലേഖനത്തിലെ കഥാപാത്രമായ നാടകപ്രവര്‍ത്തകന്‍ വിജയന്‍. തന്‍റെ നാടകപരിശീലനകേന്ദ്രത്തെ കുറിച്ച് ലേഖനം കൊടുക്കാനാണെന്ന് പറഞ്ഞ് ദേശാഭിമാനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ചില സാങ്കേതിക കാരണങ്ങളാല്‍ ലേഖനം കൊടുക്കാന്‍ കഴിയില്ലെന്ന് പിന്നീട് അറിയിച്ചെന്നും വിജയന്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.
വിജയന്‍റെ മാതാപിതാക്കൾ ഓമനിച്ച് വിളിച്ചിരുന്ന ചെല്ലപ്പേരാണ് കള്ളൻ. കാലം പോകെ സുഹൃത്തുക്കളും നാടക പ്രവർത്തകനായപ്പോൾ നാട്ടുകാരും ആ പേര് ഏറ്റുപ്പിടിച്ചു. പക്ഷേ വിഎസിന്‍റെ അനുസ്മരണം പോലും പ്രസിദ്ധീകരിക്കാനാകാത്ത വിധം പേരിൽ പൊല്ലാപ്പ് പിടിക്കുമെന്ന് വിജയൻ ചിന്തിച്ചിട്ടേയില്ല.
ഇന്ന് എവിടെ ചെന്നാലും കള്ളൻ വിജയൻ എന്നാണ് അറിയപ്പെടുന്നത്. അത് ഒരു മോഷണക്കാരൻ ആയിട്ടോ മറ്റൊന്നുമല്ല. പേരിലെ കൗതുകവും നാടക പ്രവർത്തനങ്ങളും പലതവണ വാർത്തയായിട്ടുണ്ട്. ദേശാഭിമാനി ലേഖകർ വിവരങ്ങളും ചിത്രവും എടുത്തപ്പോഴും അത്രയേ കരുതിയുള്ളൂ എന്നും കള്ളൻ വിജയൻ പറയുന്നു.
'കള്ളൻ വിജയന് എന്ന് കൊടുക്കുമ്പോള്‍ ഈ രണ്ടുപേരും ഒന്നായതുകൊണ്ട് എന്തെങ്കിലും പ്രശ്നം ആകുമെന്നു വിചാരിച്ചിട്ടായിരിക്കും ഇത് കൊടുക്കാത്തത്', വിജയന്‍ പറഞ്ഞു. 36 വർഷം നാടകത്തിന്‍റെ സെറ്റ് വർക്ക് ചെയ്തിരുന്ന വിജയൻ നാല് വർഷങ്ങൾക്ക് മുൻപ് ധന്യ എന്ന പേരിൽ നാടക പരിശീലന കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.